വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 3 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ: വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 3 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് നടക്കും. ലോകമെമ്പാടുമുള്ള 60 പങ്കാളികള്‍ പറത്തുന്ന ഭീമാകാരമായ പട്ടങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. ഖത്തര്‍ ടൂറിസ ഓള്‍ഡ് ദോഹ തുറമുഖം എന്നിവയുടെ പിന്തുണയോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഈ പതിപ്പിന്റെ വേദിയാകുന്ന പഴയ ദോഹ തുറമുഖം, അതിന്റെ സമ്പന്നമായ ചരിത്ര സന്ദര്‍ഭം, ആധുനിക സൗകര്യങ്ങള്‍, വെസ്റ്റ് ബേ സ്‌കൈലൈനിന്റെ അതിശയകരമായ പശ്ചാത്തലം എന്നിവ കാരണം ദോഹയുടെ പൈതൃകത്തിന്റെ സത്തയും അതിന്റെ ആധുനിക കാലത്തെ ആകര്‍ഷകത്വവും ഉള്‍ക്കൊള്ളുന്നു. ക്രൂയിസ് ടെര്‍മിനലിന് മുന്നിലാണ് ഇവന്റ് നടക്കുന്നത് എന്നതിനാല്‍, തിരക്കേറിയ ക്രൂയിസ് സീസണില്‍ ഓഷ്യന്‍ ലൈനറുകളിലെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ഒരു അധിക ആകര്‍ഷണമായിരിക്കും.
പത്തു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വര്‍ണശബളമായ പട്ടം പറത്തല്‍, സെലിബ്രേഷന്‍ പാലസിന്റെ ഇന്‍ഫ്ലാറ്റബിള്‍സ് ഗെയിംസ് ഏരിയ, അന്താരാഷ്ട്ര പാചകരീതികളുള്ള ഫുഡ് കോര്‍ട്ട്, പട്ടം നിര്‍മ്മാണത്തിലും പറത്തലിലും വിദഗ്ധനായ ഇഖ്ബാല്‍ ഹുസൈന്‍ നയിക്കുന്ന സൗജന്യ പട്ടം നിര്‍മ്മാണ ശില്‍പശാലകള്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കും. ശില്‍പശാലകളില്‍ സ്വന്തം പട്ടം വരയ്ക്കാനും നിര്‍മ്മിക്കാനും പെയിന്റ് ചെയ്യാനും പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിള്‍ മെറ്റീരിയലുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടികള്‍ പഠിക്കും
ജനപ്രിയ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ സീരീസിന്റെ സംഘാടകരായ സേഫ് ഫ്‌ലൈറ്റ് സൊല്യൂഷന്‍സും പ്രാദേശിക പ്രവര്‍ത്തനങ്ങളും സാഹസികതകളും ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ asfary.com ഉം , 2023 മാര്‍ച്ചില്‍ അരങ്ങേറ്റം കുറിച്ച ഈ ആവേശകരമായ ഇവന്റിനെ ദോഹ കമ്മ്യൂണിറ്റി സ്‌നേഹപൂര്‍വ്വമാണ് സ്വാഗതം ചെയ്തത്.
പട്ടം നിര്‍മ്മിക്കുന്ന ശില്‍പശാലകള്‍ക്കുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ vqikf.com ല്‍ ആരംഭിക്കുമെന്നും ഇത് സൗജന്യമാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.