IM SpecialUncategorized

ഞാനുമീ മണ്ണില്‍ കുരുത്തത്

മന്‍സൂര്‍ മണ്ണാര്‍ക്കാട്

ഒരു തീ ഗോളമുണ്ടെന്റെ നെഞ്ചില്‍
ഒരു തീ നാളമുണ്ടെന്റെ കണ്ണില്‍
ഒരു തീ കനല്‍ നീറി എന്റെ ചങ്കില്‍
ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട് ചുണ്ടില്‍
ആരാണ് ഞാന്‍ ?
ആരാണ് ഞാനെന്നൊരുള്‍വിളി
ആയിരം സംവത്സരങ്ങള്‍ക്കുമപ്പുറം
ഞാനുമെന്‍ കൂട്ടരും കുഴികുത്തി മണ്ണില്‍
കുടിച്ചോരാമൊരു കവിള്‍ കഞ്ഞിയിന്നെന്നെ
മാടിവിളിക്കുന്നു
ദേവദാസര്‍ അന്നളന്നു മുറിച്ചൊരാ
ജാതിവരമ്പിന്നുമിപ്പുറം
മാറുകള്‍ തമ്പുരാനായ് തുറന്നു
ഒരു വില്ലു പോലെ മുതുക് വളഞ്ഞൊരാ
നീച ജന്മങ്ങള്‍ എന്റെ കൂടെ പിറപ്പുകള്‍
തമ്പുരാന്റെ കുമ്പ നിറയ്ക്കുവാന്‍
ഉഴുതു മരിച്ചവര്‍ മണ്ണിന്റെ മക്കള്‍

ആശകളില്ലാത്ത ആകാശമില്ലാത്ത
അടിയന്റെ കുടിലിലായ് ഒരു കുഞ്ഞു വെട്ടം
അറബിക്കടലിന്റെ തീരത്തണഞ്ഞു
ഒരു കുഞ്ഞു പായ കപ്പലിലന്നവര്‍
അറബിയെ മാറോടണച്ചു ഞാനും എന്റെയീ മണ്ണും
സത്യ നാദത്തിന്റെ തണലിലായി
സ്വത്വ ബോധം എന്റെ സിരകളില്‍ പടരവേ
വില്ലുവണ്ടിക്കുമെത്രയോ കാലങ്ങള്‍ മുന്നേ
വില്ലുപോലുള്ളൊരെന്‍ നട്ടെല്ല് നീര്‍ത്തി ഞാന്‍
ജാതി ബോധം എന്ന ആധിയില്ലാതെ
കാതലായ് മണ്ണില്‍ ഉറച്ചന്നു നിന്നു ഞാന്‍
മാപ്പിളപ്പാട്ടിന്റെ ഈണമായ് ഒപ്പന താളമായ്
ഈ മണിലും വിണ്ണിലും പൂത്തുലഞ്ഞന്നു ഞാന്‍

അധിനിവേശപെരും ഭൂതത്തിനെതിരെ
വാക്കായ് തോക്കായ് അടരാടി അന്ന് ഞാന്‍
വെള്ളപടയുടെ കാഞ്ചിക്ക് മുന്നില്‍
നെഞ്ച് തുളഞ്ഞീ മണ്ണില്‍ ലയിച്ചു ഞാന്‍
ശ്വാസ നിശ്വാസ യോഗമില്ലാതന്ന്
വാഗണില്‍ ചത്തു മലച്ചു കിടന്നു ഞാന്‍
ആശ വിടാതന്നാജയില്‍ ദ്വീപില്‍
ആയുസൊടുങ്ങുവോളം കിടന്നന്നു ഞാന്‍
വിഭജന തീവണ്ടിയില്‍ കയറാതെ
വീറോടെയീ മണ്ണിന്‍ മാറിലായ് നിന്നു ഞാന്‍
വിധിയോട് പടവെട്ടി ഈ മലനാട്ടില്‍
വിജയത്തിന്‍ പട്ടു കുപ്പായങ്ങള്‍ തുന്നി ഞാന്‍

എങ്കിലും ,
ഇപ്പോഴും ഉച്ചത്തില്‍ ഓതണം
വെള്ള നായാട്ടില്‍ ഈ മണ്ണിനെ
പെറ്റമ്മയെ ഭോഗിച്ച മാപ്പിരവാതീ
ഞാനുമീ മണ്ണില്‍ കുരുത്തതെന്ന്
എന്റെ ചോരയാല്‍ കോര്‍ത്തൊരു നാടിതെന്ന്
ഞാനുമീ മണ്ണില്‍ കുരുത്തതെന്ന്
എന്റെ ചോരയാല്‍ കോര്‍ത്തൊരു നാടിതെന്ന്

Related Articles

Back to top button
error: Content is protected !!