ചെങ്കടല്‍ പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഗാസയിലെ യുദ്ധം നിര്‍ത്തണമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം
ദോഹ: ചെങ്കടല്‍ പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
”ഈ പ്രാദേശിക പ്രത്യാഘാതങ്ങളെ ഗാസയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാന്‍ കഴിയില്ല. ചെങ്കടല്‍ പ്രശ്നം സൈനികപരമായോ സുരക്ഷാപരമായോ പരിഹരിക്കപ്പെടില്ല, പകരം രാഷ്ട്രീയമായി ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പരിഹരിക്കപ്പെടും ”അദ്ദേഹം ഇന്നലെ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
ഖത്തറിന്റെ നിലപാട് വ്യക്തമാണെന്നും ഈ പ്രതിസന്ധി വ്യക്തമായി ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായും അദ്ദേഹം പറഞ്ഞു. ‘അതിന്റെ പ്രാദേശിക വിപുലീകരണം പ്രദേശത്തും ലോകത്തും പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘ചെങ്കടലില്‍ സംഭവിക്കുന്നത് അന്താരാഷ്ട്ര നാവിഗേഷന്‍ അപകടത്തെ പ്രതിനിധീകരിക്കുന്നു, ഗാസയിലെ യുദ്ധത്തില്‍ നിന്നും അതിന്റെ സംഭവവികാസങ്ങളില്‍ നിന്നും ഒരു പ്രത്യേക വിഷയമായി ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല.’
ചെങ്കടലിലെയും ഇറാഖിലെയും മറ്റിടങ്ങളിലെയും പ്രാദേശിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് യഥാര്‍ത്ഥ ആഗ്രഹമുണ്ടെങ്കില്‍, ഗാസയില്‍ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ യുദ്ധം നിര്‍ത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ വ്യക്തമായ തീരുമാനം എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ ഇത് സംഭവിക്കുന്നില്ലെങ്കില്‍, ഇസ്രായേല്‍ യുദ്ധ യന്ത്രം ഗാസ മുനമ്പിലെ പലസ്തീന് പൗരന്മാരെ തകര്‍ക്കുന്നത് തുടരുകയാണെങ്കില്‍, ഇത് കൂടുതല്‍ പ്രാദേശിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും, അദ്ദേഹം മുന്നറിയിപ്പ് നല്കി