തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി മുപ്പതാമത് രക്തദാന ക്യാമ്പ് സംഘാടക മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധേയമായി
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി മുപ്പതാമത് രക്തദാന ക്യാമ്പ് സംഘാടക മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധേയമായി . വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന രക്ത ദാന ക്യാമ്പില്‍ സൗഹൃദവേദി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ, വനിതകളടക്കം 450 ഓളം പേരാണ് രക്തദാതാക്കളായി എത്തിയത്.
രാവിലെ 10.30 നു നടന്ന ക്യാമ്പ് ഉല്‍ഘാടന ഔദ്യോദ്ധിക ചടങ്ങ്, സെക്രട്ടറി റസാഖിന്റെ ആമുഖത്തിനെ തുടര്‍ന്ന് ലോകസമാധാനത്തിനായുള്ള മൗനപ്രാര്ത്ഥനയോടു കൂടി തുടക്കമിട്ടു.
തുടര്‍ന്ന് വേദി ജനറല്‍ സെക്രട്ടറിയും രക്തദാന ക്യാമ്പിന്റെ മുഖ്യ കോര്‍ഡിനേറ്ററുമായ വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചു.
യോഗത്തില്‍ വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ക്യാമ്പ് ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തിനെ കുറിച്ചു സംസാരിച്ച അദ്ദേഹം സൗഹൃദവേദി നടത്തുന്ന ഇത്തരം മഹത്പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
വേദി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി. എസ്. നാരായണന്, ഫിനാന്‍ഷ്യല്‍ കണ്ട്രോളറും ട്രഷറര്‍ ഇന്‍ ചാര്‍ജുമായ ജയാനന്ദ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഹമദ് ഹോസ്പിറ്റല്‍ ഹെഡ് ഓഫ് നേഴ്സസ് റിസല്, കാരുണ്യം പദ്ധതി ചെയര്മാന് ശ്രീനിവാസന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്തദാനക്യാമ്പിന്റ സെക്ടര്‍ കോര്‍ഡിനേറ്ററായ കൈപ്പമംഗലം സെക്ടര്‍ ചെയര്മാന് ജാഫര്‍ നന്ദി പറഞ്ഞു. മറ്റൊരു സെക്ടര്‍ കോര്‍ഡിനേറ്ററായ കുന്നംകുളം സെക്ടര്‍ ചെയര്മാന് ഹനീഫ വേദിയില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സന്ദീപ് കുമാര്‍ വേദി ടീമിനോപ്പം രക്തദാതാക്കളെ സന്ദര്‍ശിച്ചതും അവരോട് കുശലാന്വേഷണം നടത്തിയതും പ്രവര്‍ത്തകര്‍ക്കും ദാതാക്കള്‍ക്കും ആവേശമായി .
വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വേദി വളണ്ടിയര്‍മാരുടെ സജീവസാന്നിദ്ധ്യവും അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ രക്തദാദാക്കള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും ഒരു പ്രയാസവുമില്ലാതെ ക്യാമ്പ് നടത്തുവാന്‍ സഹായകമായി. ഹമദ് ബ്ലഡ് ഡോണര്‍ യൂണിറ്റ് ജീവനക്കാരും രക്തദാദാക്കളും വേദിയുടെ മാതൃകപരമായ പ്രവര്‍ത്തനത്തെ എടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു.
രക്തം ദാനം ചെയ്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്കി.
വേദി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ക്യാമ്പിന് നേതൃത്വം നല്കിയ രക്തദാന കമ്മിറ്റി, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഹമദ് ഹോസ്പിറ്റലിന്റെ പ്രശംസാപത്രം ഏറ്റു വാങ്ങിയതോടെ 30 ആ മത് രക്തദാന ക്യാമ്പ് വന്‍വിജയമായതായി രക്തദാന കമ്മിറ്റി അവകാശപ്പെടുകയും ഹമദ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ സഹകരിച്ച എല്ലാവര്ക്കും രക്തദാതാക്കള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.