Local News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ , ഐ ബി പി സി മുന്‍ പ്രസിഡണ്ട് അസീം അബ്ബാസ് എന്നിവര്‍ ചടങ്ങുകളില്‍ മുഖ്യ അതിഥികളായിരുന്നു.

ദോഹ മുഅയിതറിലെ ഗലീലീയൊ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരീക തനിമ വിളിച്ചോതുന്ന വര്‍ണ്ണാഭമായ ഘോഷ യാത്രയോടെയാണ് ആരംഭിച്ചത്.
ഓണപൂക്കളം, തിരുവാതിരകളി, ഫ്യൂഷന്‍ ഡാന്‍സ്, ഓണപ്പാട്ടുകള്‍, കുട്ടികള്‍ക്കും , വനിതകള്‍ക്കുമായിട്ടുള്ള പ്രത്യേക മത്സരങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.
വിശിഷ്ടാതിഥികളോടും കുടുംബാംഗങ്ങളോടുമൊത്തുള്ള വിഭവ സമൃദ്ധമായ ഓണസദ്യ അംഗങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി.

ഫിലിപ്പീനൊ കമ്മ്യുണിറ്റിയിലെ വനിതകള്‍ നടത്തിയ തിരുവാതിര കളി മലയാളി സദസ്സിന്റെ കണ്ണിനും കാതിനും കൗതുകമുണര്‍ത്തുന്ന അനുഭവമായി.
വേള്‍ഡ് മലയാളികൗണ്‍സിലിന്റെ വനിതാ വിംഗ് പ്രസിഡണ്ട് ഡോ ഷീല ഫിലിപ്പിന്റെ നേതൃത്വത്തില്‍ നിരവധി ദിവസത്തെ കഠിന പരിശ്രമത്തിന്റെയും, പരിശീലനത്തിന്റേയും ഫലമായാണ് ഫിലിപ്പിനൊ വനിതകളെ കേരളത്തിന്റെ തിരുവാതിര കളിക്കായി ഒരുക്കിയെടുത്തത് .
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഐ ബി പി സി യുടെ മുന്‍ പ്രസിഡണ്ട് അസീം അബ്ബാസ് ഉല്‍ഘാടനം ചെയ്തു.
ചെയര്‍മാന്‍ വി എസ് നാരായണന്‍ ഓണ സന്ദേശം നല്‍കി.
ഗലീലിയൊ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയലക്ഷമി ജയകുമാരന്‍ നായര്‍ ആശംസാ പ്രസംഗം നടത്തി.
ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതവും ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.

വൈകുന്നേരം 5 മണിക്ക് നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു.
കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഒരുമയുടേയും, കൂട്ടായ്മയുടേയും ശക്തി വിളിച്ചോതുന്ന ആഘോഷമാണെന്നും, ജാതി മത ദേശ ഭേദമില്ലാതെ മലയാളി ജീവിക്കുന്ന ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഒത്തൊരുമയൊടെ എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഓണഘോഷങ്ങള്‍ ഭാരതത്തിന്റെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും, അത് ലോകത്തിന് തന്നെ മാതൃകയാണെന്നും അംബാസിഡര്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ഗലീലിയൊ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രസിഡണ്ട് ജയലക്ഷമി ജയകുമാരന്‍, ഡബ്‌ളിയു എം സി ചെയര്‍മാന്‍ വി എസ് നാരായണന്‍, ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട് ,വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍, ജെബി കെ ജോണ്‍,വൈസ് പ്രസിഡണ്ടുമാരായ സാം കുരുവിള, വിദ്യാ രന്‍ജിത്ത്, വിമന്‍സ് വിംഗ് പ്രസിഡണ്ട് ഡോ ഷീല ഫിലിപ്പോസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ഫാസില്‍,
വിമന്‍സ് ഫോറം ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് ഹാന, ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഷംസുദ്ധീന്‍ ഇസ്മയില്‍, ഓണം ഫെസ്റ്റ് കണ്‍വീനര്‍ ഹാഷിം , എന്നിവര്‍ സന്നിഹിതരായിരുന്നു.
കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

യൂത്ത് വിംഗിന്റേയും, വനിതാ വിംഗിന്റേയും നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍
യൂത്ത് വിംഗ് ട്രഷറര്‍ സുബിന ആദ്യാവസാനം പരിപാടികളുടെ അവതാരകയായിരുന്നു.
ഓണം ഫെസ്റ്റ് ജോയിന്റ് കണ്‍വീനര്‍ ഷെജിന നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!