ഷജീര്‍ പപ്പയെ ഞെട്ടിച്ചൊരു ഫോണ്‍ കോള്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസിയായ ഷജീര്‍ പപ്പ ക്യാമറാമാനായി വര്‍ക്ക് ചെയ്ത കന്നി ചിത്രം ‘കൂടല്‍’ കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷകാഭിപ്രായം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഞെട്ടിച്ചൊരു ഫോണ്‍ കോളിനെക്കുറിച്ച അദ്ദേഹത്തിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ഷജീര്‍ പപ്പ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
വിദേശത്തും നാട്ടിലുമൊക്കെയായി നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും,ഇവന്റുകള്‍ക്കും ക്യാമറാമാനായി പ്രവര്‍ത്തിച്ച ഞാന്‍ ആദ്യമായാണ് ഒരു സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്.സിനിമയോട് എനിക്ക് അത്രമേല്‍ ഭ്രമവും ആഗ്രഹവുമായിരുന്നു.
സിനിമയുടെ ട്രെയിലര്‍ റിലീസായ സമയം എനിക്കൊരു കോള്‍ വന്നു.
‘ഹലോ… ഷജീര്‍ അല്ലെ? ‘
അപരിചിത സ്വരം. ആരാണെന്ന് മനസ്സിലാകാതെ ഞാന്‍ മറുപടി കൊടുത്തു…
‘അതെ ആരാ…’
‘എന്റെ പേര് പി സുകുമാര്‍ (പ്രശസ്ത ക്യാമറാമാന്‍) എന്നാണ്.. ട്രെയിലര്‍ കണ്ടിരുന്നു.. വളരെ നന്നായിട്ടുണ്ട് ഫ്രെയിംസ് എല്ലാം കൊള്ളാം.
ആ ഫോണ്‍ കോള്‍ എന്നെ ഞെട്ടിച്ചു.. അദ്ദേഹത്തിന്റെ സ്‌നേഹത്തോടെയുള്ള സംസാരം കേട്ടപ്പോള്‍ ഞാന്‍ എന്താണ് മറുപടി പറയേണ്ടതെറിയാതെ പകച്ച് പോയി..
സിനിമയുടെ സംവിധായകരില്‍ ഒരാളായ ഷാനു കാക്കൂറിനെ വിളിച്ചാണ് അദ്ദേഹം എന്റെ നമ്പര്‍ വാങ്ങിയത്.
‘ഞാനിപ്പോ ചെന്നൈയിലാണ്.. നാട്ടില്‍ വന്നിട്ട് നേരിട്ട് മീറ്റ് ചെയ്യാം..’
എന്ന് അദ്ദേഹം പറഞ്ഞു.
ആ ഫോണ്‍ കാള്‍ , എന്റെ കരിയറില്‍ എനിക്ക് കിട്ടിയ ഒരു അവാര്‍ഡിന് തുല്യമായിരുന്നു.
‘കൂടല്‍’ എന്ന സിനിമ റിലീസ് ആയതിനു ശേഷം ഒത്തിരി സിനിമ പിന്നണി പ്രവര്‍ത്തകരും അല്ലാത്തവരും ഫോണില്‍ വിളിച്ചും മെസേജയച്ചും സിനിമയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ടെന്ന് പറയുന്നത് എന്റെ ആദ്യ സിനിമ ഏറ്റവും മനോഹരമാക്കാന്‍ ശ്രമിച്ച എന്റെ പരിശ്രമത്തിനുള്ള അംഗീകാരമായി കാണുന്നു..
‘കൂടല്‍’ എന്ന സിനിമയുടെ വിജയത്തിന് വേണ്ടി എന്റെ കൂടെ നിന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി….
അതുപോലെ P&J പ്രൊഡക്ഷന്‍സിനോടും, നിര്‍മാതാവ് ജിതിന്‍ കെവി, സംവിധായകരായ ഷാനു കാക്കൂര്‍ – ഷാഫി എപ്പിക്കാട് എന്നിവരോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്…
നിങ്ങളുടെ വിശ്വാസം തകര്‍ക്കാതെ,ഇനിയും നല്ല സിനിമകളുടെ ഭാഗമായി വീണ്ടും കാണാം എന്നാണ് പ്രതീക്ഷയെന്ന് ഷജീര്‍ പപ്പ ഫേസ് ബുക്കില്‍ കുറിച്ചു.