Uncategorized

വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ് ജെ.കെ.മേനോന്‍ ഏറ്റുവാങ്ങി

ദോഹ: സാമൂഹിക പ്രതിബദ്ധതയുളള മികച്ച യുവ പ്രവാസി വ്യവസായിക്കുളള വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ് ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ.മോനോന് കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ സമ്മാനിച്ചു. കേരളത്തിലെ വ്യവസായരംഗത്തെ വലിയ മാറ്റത്തില്‍ പ്രവാസി സംരംഭകരുടെ സംഭാവനകള്‍ മറക്കാനാവില്ലെന്ന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് വ്യവസായ-നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ വീട്ടമ്മമാരുളള നാടാണ് കേരളം. ആ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനുളള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളില്‍ ഏകദേശം മൂന്നുലക്ഷം ചെറുതും വലുതുമായ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ വനിതകളുടെ നേതൃത്വത്തിലുളളതാണ്. പ്രവാസി ജീവിതം അവസാനിപ്പിച്ച് കൂടുതല്‍പേര്‍ തിരികെ നാട്ടിലെത്തി സംരംഭങ്ങള്‍ തുടങ്ങുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് സമ്മേളനം റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഭൂമിയുടെ കരം പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി അടയ്ക്കാനുളള സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുളള നൂറുദിന കര്‍മപദ്ധതിയില്‍ ഇതിനുളള പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി രാജന്‍ അറിയിച്ചു.

കൊല്ലം നഗരത്തിലെ സമര്‍ത്ഥരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് ജെ കെ മേനോന്റെ നാമധേയത്വത്തിലുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സമ്മേളനത്തില്‍ ജെ കെ മോനോന്‍ വിതരണം ചെയ്തു. 1000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ മുന്‍ സിഎംഡിയും വി.ഗംഗാധരന്റെ മകനുമായ ഡോ.ജി.രാജ്മോഹന്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.ജി.സത്യബാബു അധ്യക്ഷനായിരുന്നു. എം.കെ.പ്രേമചന്ദ്രന്‍ എംപി, ട്രസ്റ്റ് സെക്രട്ടറി ആര്‍.എസ്.ബാബു എന്നിവര്‍ സംസാരിച്ചു. മുന്‍ സ്പീക്കറും സ്വാതന്ത്ര്യസമരസേനാനിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.ഗംഗാധരനെയും ജീവകാരുണ്യപ്രവര്‍ത്തനത്തിലെ ആഗോള മലയാളി മുദ്രയായ പത്മശ്രീ അഡ്വ.സി.കെ.മേനോനെയും സമ്മേളനത്തില്‍ പ്രത്യേകമായി സ്മരിച്ചു.

പ്രശസ്ത ഗായകരായ ഉണ്ണിമേനോന്‍, രാജലക്ഷ്മി എന്നിവര്‍ നയിച്ച കലാസന്ധ്യ അവാര്‍ഡ് സമ്മേളനത്തിന് കൂടുതല്‍ ചാരുത പകര്‍ന്നു. നടനം ഡാന്‍സ് അക്കാദമിയിലെ നര്‍ത്തകരുടെ നൃത്തവിരുന്നും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!