Local News

ഐ.സി.ബി.എഫ് നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, അതിന്റെ നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡേഴ്‌സ് നെസ്റ്റ്’ എന്ന പേരില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. തുമാമയിലെ ഐ.സി.ബി എഫ് ബില്‍ഡിംഗില്‍ ആരംഭിച്ച ലൈബ്രറി, ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും, ഐ.സി. ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഈഷ് സിംഗാള്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യക്ക് പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍, വായനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ഐ.സി. ബി.എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഈ സംരംഭത്തോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഇന്ത്യക്കാരായ ജയില്‍ അന്തേവാസികള്‍ക്കും, ഷെല്‍ട്ടറുകളില്‍ താമസ്സിക്കുന്നവര്‍ക്കും ലൈബ്രറി ഉപകാരപ്പെടും. അതോടൊപ്പം തന്നെ ഇന്ത്യന്‍ സമൂഹത്തിനും ലൈബ്രറി ഉപയോഗപ്പെടുത്താവുന്നതാണ്.
ഐ.സി. ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.
സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, നീലാംബരി സുശാന്ത്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഐ. സി. ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, അംഗങ്ങളായ ടി. രാമശെല്‍വം, ജോണ്‍സണ്‍ ആന്റണി, ശശിധര്‍ ഹെബ്ബാല്‍, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി. സി സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മിറ്റി അംഗം സത്യനാരായണ മാലിറെഡ്ഡി, ഐ.ബി.പി.സി കമ്മിറ്റി അംഗം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

‘റീഡേഴ്സ് നെസ്റ്റ്’ ലൈബ്രറി, വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി അടിവരയിടുന്നതും, വായനയുടെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ക്രിയാത്മക കാല്‍വെപ്പുമായി കണക്കാക്കാം.

Related Articles

Back to top button
error: Content is protected !!