യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദോഹ റമദാന്‍ മീറ്റ് ഇന്ന്

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദോഹ റമദാന്‍ മീറ്റ് ഇന്ന് ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ നടക്കും.
സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പടര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഖത്തറിലെ ഏറ്റവും വലിയ സംഗമത്തിനാണ് ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് വേദിയാകുന്നത്.
ഡി.ഐ.സി.ഐ.ഡി മേധാവി ഡോ. മുഹമ്മദ് അല്‍ ഗാമിദി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍, ശിവഗിരി മഠത്തിലെ ഗുരു പ്രചാരണ സഭ സെക്രട്ടറി ശ്രീമത് അസംനഗാനന്ദഗിരി സ്വാമികള്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ഖാസിം ടി.കെ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ സംഗമത്തിന് അധ്യക്ഷത വഹിക്കും.
ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം മലയാളി യുവാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ദോഹ റമദാന്‍ മീറ്റിനോടനുബന്ധിച്ച് റമദാന്‍ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് വൈകുന്നേരം 3.45ന് ആരംഭിക്കും. ഇസ്ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന മെഗാ ക്വിസ്, ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേ സമയം പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായിരിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി