ഖിയ ചാമ്പ്യൻസ് ലീഗ് : സെമി ഫൈനൽ ലൈനപ്പായി

ദോഹ: ഒരു മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്ലേയ് ഓഫ് മത്സരങ്ങൾ കഴിഞ്ഞു. ഇന്നലെ നടന്ന മത്സരങ്ങളിൽ വിജയം വരിച്ചു ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി, ഫാൻ ഫോർ എവർ എഫ്‌സി എന്നവർ സെമി പ്രവേശം ഉറപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി സിറ്റി എക്‌സ്‌ചേഞ്ചിനെയും ഫാൻ ഫോർ എവർ എഫ്‌സി, ഗ്രാൻഡ് മാളിനെയും നേരിടും.
ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രണ്ട്‌സ് ഓഫ് തൃശൂർ എഫ്‌സിയെ കീഴടക്കി.കളിയുടെ ആദ്യാവസാനം ഫിഫയുടെ നിയന്ത്രണത്തിലായിരുന്നു ദോഹ സ്റ്റേഡിയം. മധ്യനിരയിലെ റാഹുൽ രാജ് ആയിരുന്നു കളിയിലെ കേമൻ.
അത്യന്തം വീറും വാശിയും നിറഞ്ഞ രണ്ടാമത്തെ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ഫാൻ ഫോർ എവർ എഫ്‌സി, രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ തമിഴ് സംഘത്തെ പരാജയപ്പെടുത്തി. കളിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തുകയും ടീമിനായി ഗോളുകൾ നേടുകയും ചെയ്ത സലാഹുദ്ധീൻ മത്സരത്തിലെ കേമനായി.