മലയാള ദൃശ്യ മാധ്യമങ്ങള്‍ക്ക് ഗൗരവമുള്ള കാഴ്ചക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍

ദോഹ. മലയാള ദൃശ്യ മാധ്യമങ്ങള്‍ക്ക് ഗൗരവമുള്ള കാഴ്ചക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണെന്നും വ്യത്യസ്തമായ ജീവിതം സമ്മാനിക്കുന്ന പ്രവാസത്തിന്റെ വേവും നോവും ഒപ്പിയെടുക്കുന്ന പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ശഅ്ളാഘനീയമാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.വി.നികേശ് കുമാര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച സൗഹൃദ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥത്തില്‍ കേരളം ജീവിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. കൃത്യമായ ആശയവിനിമയം നടത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം പാഷനായി കൊണ്ടുനടക്കുന്നവരാണ് മിക്ക പ്രവാസി മാധ്യമ പ്രവര്‍ത്തകരെന്നും പ്രവാസികളുടെ പങ്കാളിത്തവും ഇടപെടലുകളും പ്രധാനമാണെന്നും കൈരളി എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ.പരുമല അധ്യക്ഷത വഹിച്ചു. ആര്.ജെ. രതീഷ് സ്വാഗതവും അന്‍വര്‍ പാലേരി നന്ദിയും പറഞ്ഞു.

