ഓര്‍മയിലെ റിപബ്‌ളിക് ദിനം

ഡോ:ഗ്ലോബല്‍ ബഷീര്‍ , ദേശീയ വൈസ് ചെയര്‍മാന്‍
എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ
1987 ലെ ആ ജനുവരിയിലെ റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റിനെ നേരില്‍ കണ്ട നിമിഷം ഇന്നും കൗതുകത്തോടെ ഓര്‍ക്കുന്നു. കറുത്ത വടിവൊത്ത കോട്ടും വെളുത്ത സിക്ക് തലപ്പാവും അണിഞ്ഞു നെറ്റിട്ട് നല്ല വൃത്തിയില്‍ ഒതുക്കി നിര്‍ത്തിയ തിങ്ങിയ താടിക്കുള്ളിലൂടെ തെളിഞ്ഞു കാണുന്ന ചുണ്ടുകള്‍ നാട്ടിന്‍പുറത്തു നിന്നും പരേഡിന് പോയ എനിക്ക് അതൊരു കൗതുകമുള്ള കാഴ്ചയായിരുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് എന്‍സിസി കേഡറ്റ് ആയി റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെടുന്നു. അന്നൊക്കെ ഒരു മിലിട്ടറി കമാന്റിങ് ഓഫീസര്‍ ആവുക എന്നതായിരുന്നു മോഹം. പക്ഷെ നാട്ടിന്‍പുറത്തുകാരായ വീട്ടുകാര്‍ക്കൊന്നും അന്നത്ര ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല. പട്ടാളത്തില്‍ ചേരുന്നത് പേടിയായിരുന്നു അവര്‍ക്ക്. മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ആ മോഹം മനസ്സിലൊതുക്കിയാണ് കഴിയുന്നത്.
മൂന്നാമത്തെ ട്രെയിന്‍ യാത്രയാണ്. ആദ്യമായി ട്രെയിന്‍ കയറിയതും എന്‍സിസി ക്യാമ്പിന് പോവാന്‍ വേണ്ടി തന്നെയാണ്. ലിങ്ക് എക്‌സ്പ്രസില്‍ ആയിരുന്നു ആദ്യ യാത്ര. ഒരു സ്വറ്റെര്‍ പോലും ഇല്ലാതെയാണ് ഡല്‍ഹിക്ക് ട്രെയിന്‍ കയറിയത്. മൂന്നു ദിവസം ആണ് അന്നത്തെ യാത്ര. കോഴിക്കോട് വെസ്റ്റ് ഹിലില്‍ 29 കേരള ബറ്റാലിയന്‍ എന്‍സിസി ഓഫീസില്‍ നിന്നും കൊണ്ടു വന്ന ഒരു ഡറിയും ബ്ലാങ്കെറ്റും മാത്രമാണ് ആകെയുള്ളത്. എക്‌സ്ട്രാ ഒരു വിരിപ്പ് പോലും ഇല്ലായിരുന്നു.
ഡല്‍ഹിയില്‍ അന്ന് കൊടും ശൈത്യമായിരുന്നു. മൂന്ന് ദിവസമൊക്കെ കുളിക്കാതിരുന്നിട്ടുണ്ട് അന്ന് ക്യാമ്പില്‍. രാവിലെ 5 മണിക്ക് എണീറ്റു ടോയ്ലെറ്റില്‍ പോവണം പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യണം. താടിയെല്ലുകള്‍ കൂട്ടിമുട്ടിശബ്ദം ഉണ്ടാക്കി കൊണ്ടാണ് അങ്ങ് ദൂരെ ടോയ്ലെറ്റില്‍ പോവുക. താല്‍ക്കാലികമായി കുഴിയുണ്ടാക്കി അതിനു മുകളില്‍ പലകയിട്ട് വരി വരിയായി ഇരുന്നാല്‍ തോളിന്റെ ഉയരം വരെയുള്ള തുണിയുടെ ഒരു മറ ഇതാണ് ടോയ്ലെറ്റ്.ബറ്റാലിയന്‍ ഓഫീസില്‍ നിന്നും തരുന്ന വാട്ടര്‍ ബോട്ടിലില്‍ ആണ് വെള്ളം കൊണ്ടു പോവുക. തണുപ്പിന്റെ ശക്തി കാരണം കൊണ്ടുപോയ വെള്ളം തന്നെ ബാക്കിയാവും.
പല്ലും തേച്ചു ഒന്നും കഴിക്കാതെ 6 മണിക്ക് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങണം. കയ്യില്ലാത്ത ബനിയനും നിക്കറും ബെല്‍റ്റും സോക്‌സും ക്യാന്‍വാസ് ഷൂസും ആണ് വേഷം. ഒരു മണിക്കൂര്‍ ഡ്രില്‍ ഉണ്ടാവും. അപ്പോഴേക്കും ഒരു വിധം തൊട്ടാലൊക്കെ അറിയുന്ന പരുവത്തില്‍ ആയിട്ടുണ്ടാവും. അത് കഴിഞ്ഞിട്ടാണ് ബ്രേക്ക് ഫാസ്റ്റ്.
വായ തുറന്നു പിടിച്ചാല്‍ വെറുതെ കിടു കിടാ അടിക്കും അത്രക്കും കഠിനമായ തണുപ്പ്. ഇന്നും ഓര്‍ക്കുമ്പോള്‍ തന്നേ എന്തോ പോലെയാണ്. ഉയര്‍ന്ന റാങ്കില്‍ ഉള്ള ഓഫീസര്‍മാര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ തണുപ്പെല്ലാം താനേ പോയിട്ടുണ്ടാവും. തെറ്റിയാല്‍ പണിഷ്‌മെന്റ് കിട്ടും ഉറപ്പാണ്.
ഞാന്‍ അല്‍ഫ കമ്പനി ക്യാപ്റ്റന്‍ ആയത് കൊണ്ടു ഏറ്റവും മുന്നിലാണ് നില്‍ക്കുക. എന്നേ വേറിട്ടു കാണാനും പറ്റും. അന്ന് അല്‍ഫ കമ്പനിയില്‍ കേരള ആന്‍ഡ് ലക്ഷദ്വീപ് കേഡറ്റ്കള്‍ ആയിരുന്നു കൂടുതലും. അന്ന് ഡിപ്പാര്‍ട്‌മെന്റ് തരുന്ന യൂണിഫോം അല്ല ഞാന്‍ ഉപയോഗിക്കാറുള്ളത്. ഞാന്‍ സ്വയം കടയില്‍ നിന്നും വാങ്ങി എന്റെ കൃത്യമായ അളവില്‍ തയ്പ്പിക്കും. സാധാരണ കാക്കിയില്‍ നിന്നും അല്പം ഇരുണ്ട കളര്‍ ആയിരുന്നു എന്റെ യൂണിഫോം.
ഇടതു നെഞ്ചിന് മുകളില്‍ ചുവന്ന വെല്‍വെറ്റ് ബോര്‍ഡില്‍ നിറയെ മെഡലുകള്‍ ആയിരുന്നു. പിന്നെ അന്ന് ഏറ്റവും ഉയര്‍ന്ന റാങ്ക് ആയ കമ്പനി സര്‍ജന്റ് മേജര്‍ പദവിയില്‍ ഉള്ള ആരും തന്നേ ആല്‍ഫ കമ്പനിയില്‍ ഇല്ലായിരുന്നു. യൂണിഫോമിന്റെ വൃത്തിയും, കൃത്യമായി മിലിറ്ററി ചിട്ടയില്‍ നടക്കുന്ന കേഡറ്റ്,വൃത്തിയില്‍ പോളിഷ് ചെയ്ത ഷൂസ്, ബെല്‍റ്റ്, ഉയര്‍ന്ന റാങ്ക് അങ്ങിനെയാണ് എന്റെ പേര് ക്യാപ്റ്റന്‍ പദവിയിലേക്ക് തിരഞ്ഞെടുത്തത്. എടപ്പാള്‍, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ഉണ്ടായിരുന്നു.
ആദ്യമായി ഞാന്‍ ക്യാമ്പില്‍ നിന്നും പരിചയപ്പെട്ട അഹമ്മദ് ഖാന്‍ എന്ന ഡെല്‍ഹിക്കാരന്‍ കേഡറ്റിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കാര്യപ്പ ഗ്രൗണ്ടില്‍ ടെന്റ് കെട്ടിയാണ് താമസം. ഭക്ഷണം ഇഷ്ടം പോലെ ആവശ്യം ഉള്ളവര്‍ക്ക് കിട്ടും. പ്ലേറ്റ് നമ്മള്‍ കൊണ്ടുപോയി ജയിലില്‍ ക്യു നില്‍ക്കുന്ന പോലെ ആല്‍ഫ, ബീറ്റ, ചാര്‍ളി, ഡെല്‍റ്റ, എന്നീ ക്രമത്തില്‍ വരി നില്‍ക്കണം. പ്ലേറ്റില്‍ ആദ്യം പച്ചരി ചോറ് വിളമ്പി തരും. പിന്നെ വെള്ളം കുറഞ്ഞ പേസ്റ്റ് പോലുള്ള ഒരു കറി, അതിനു മുകളില്‍ രണ്ട് ചപ്പാത്തി വീണ്ടും ഒരു കിഴങ് കറി ഒഴിക്കും.
ആ രുചിയിമായി പൊരുത്തപ്പെട്ടു പോവാന്‍ കഴിയില്ലായിരുന്നു അന്ന്. ഇടക്ക് ചിക്കന്‍ ഉണ്ടാവും. അന്നാണ് വയര്‍ നിറയെ ഭക്ഷണം കഴിക്കുക. ഏറ്റവും കൂടുതല്‍ പരിപ്പും ഉരുളക്കിഴങ്ങും ഞാന്‍ കഴിച്ചത് എന്‍സിസി ക്യാമ്പില്‍ നിന്നാണ്. രാവിലെയും വൈകിട്ടും കിട്ടുന്ന കട്ടിയുള്ള ചായയുടെ രുചി ഇന്നും നാവില്‍ തന്നെയുണ്ട്. കൊതി തീരുവോളം കുടിക്കാനും കിട്ടില്ല . ആകെ അര ഗ്ലാസ് ചായയാണ് കിട്ടുക. ചായക്ക് പോവുമ്പോള്‍ വലിയ ഗ്ലാസ്സൊക്കെ കൊണ്ടു പോയി നോക്കി. പക്ഷെ ഒഴിച്ച് കൊടുക്കുന്ന ആളുടെ കയ്യില്‍ അളവ് പാത്രം ഉള്ളത് കൊണ്ടു ഒരു നിവൃത്തിയും ഇല്ല.
എല്ലാ അത്ഭുത കാഴ്ചകളും ക്യാമ്പില്‍ ഉള്ള സൗകര്യവും അസൗകര്യവും എല്ലാം വളരെ വിശദമായി തന്നേ ഇല്ലന്റ് വാങ്ങി വീട്ടിലേക്കു കത്തെഴുതി. കത്തു വീട്ടില്‍ കിട്ടിയതും ഞാന്‍ തിരിച്ചു വീട്ടില്‍ എത്തിയതും ഒരേ ദിവസം തന്നേ ആയിരുന്നു എന്നത് രസകരമായ മറ്റൊരു ഓര്‍മ്മ.
അന്നൊന്നും ഫോണ്‍ ഇല്ലായിരുന്നു വീട്ടില്‍. ഫോണ്‍ വിളിക്കാന്‍ പോലും അന്നു അറിയുകയുമില്ല. വീട്ടില്‍ അന്ന് ടിവി യും ഇല്ല. ആകെ ഉള്ളത് റേഡിയോ മാത്രം.
അന്ന് എന്‍സിസി ക്യാമ്പുകളില്‍ പങ്കെടുത്തതിന്റെ ഗുണം ഇന്നാണ് മനസ്സിലാവുന്നത്. എന്‍സിസി യില്‍ നിന്നും കിട്ടിയ ശിക്ഷണം ജീവിതത്തില്‍ പകര്‍ത്തിയപ്പോള്‍ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടായി. ആ അടുക്കും ചിട്ടയും ജോലിയില്‍ പകര്‍ത്തിയപ്പോള്‍ ജോലിയില്‍ പ്രൊമോഷന്‍ ഉണ്ടായി. ഇന്ന് ഇത്രയും ഉയരത്തില്‍ എത്തിയതിന്റെ രഹസ്യം ചോദിച്ചാല്‍ പറയാനുള്ളത് ഒരൊറ്റ വാക്ക് മാത്രമേയുള്ളൂ എന്‍സിസി എന്ന്. ഇന്നും മിലിട്ടറി വാഹനങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ള പോലീസ് ഓഫീസര്‍മാരുടെ വാഹനം കണ്ടാല്‍ എത്ര തിരക്ക് ഉണ്ടെങ്കില്‍ പോലും ഒരു നിമിഷം അറിയാതെ നോക്കി നിന്ന് പോകും.കൂടാതെ അവരോടു സംസാരിക്കേണ്ട ആവശ്യം വന്നാല്‍ ഇന്നും അവരെ സല്യൂട്ട് ചെയ്തു അറ്റെന്‍ഷനില്‍ നിന്നിട്ടെ സംസാരിക്കൂ. അവരെ കാണുമ്പോള്‍ ഇന്നും ഉള്ളിന്റെയുള്ളില്‍ ഞാന്‍ ഒരു കേഡറ്റ് ആയി മാറും.
ഒരോ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ പരേഡ് കഴിയുന്നത് വരെ ടിവി ക്കു മുന്നില്‍ ആവും. അറിയാതെ സാവ്ധാന്‍, വിശ്രാം, സല്യൂട്ട് ഒക്കെ ചെയ്തു പോകും. ഇന്നും ചഇഇ യുടെ ഹം സബ് ഭാരതീയ ഹേ എന്ന സോങ് ഇടക്കിടക്ക് കേള്‍ക്കാത്ത ദിവസങ്ങളില്ല.
ഏതെങ്കിലും സാഹചര്യത്തില്‍ കേഡറ്റുകളെ കാണാന്‍ ഇടയായാല്‍ അവരുടെ യൂണിഫോമില്‍ എന്തെങ്കിലും പാകപിഴവ് കണ്ടാല്‍ ഞാന്‍ അത് ശരിയാക്കി കൊടുക്കാറുണ്ട്. ഈ അടുത്ത കാലത്ത് തിരുവനന്തപുരത്തു പ്രവാസി ഭാരതീയ ഡേ സെലിബ്രേഷന്‍ നടക്കുന്ന വേളയില്‍ ഗവര്‍ണര്‍ക്കു ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കാന്‍ വന്ന കേഡറ്റുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത് ഇന്നും ഓര്‍ക്കുന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു. ആ എന്‍സിസി ഓഫീസറുമായി ഇന്നും നല്ല സ്‌നേഹ ബന്ധം കാത്ത് സൂക്ഷിക്കുന്നു.
കാലമിത്രയൊക്കെ കഴിഞ്ഞിട്ടും ഞാന്‍ പഠിച്ച സ്‌കൂളില്‍ ഇന്നും ഞാന്‍ അറിയപ്പെടുന്നത് എന്‍സിസി യുടെ പേര് ചേര്‍ത്തിട്ടാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളൂകയും ചെയ്യുന്നു.
