ഖത്തറിലെ വീട്ടുവളപ്പില്‍ കൃഷിയൊരുക്കി മലപ്പുറത്തുകാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
മരുഭൂമിയിലെ സവിശേഷമായ ചുറ്റുപാടില്‍ വൈവിധ്യമാര്‍ന്ന വിളകള്‍ വിജയകരമായി കൃഷി ചെയ്ത് മലപ്പുറം സ്വദേശികള്‍ ശ്രദ്ധേയരാകുന്നു. അല്‍ വുകൈറിലെ പുരയിടത്തിലെ തോട്ടത്തില്‍ നിരവധി ഇനം പച്ചക്കറികളാണ് സമൃദ്ധമായി വളരുന്നത്.
തിരൂര്‍ കുറ്റൂരിനടുത്തുള്ള നൗഫല്‍ കുറ്റൂര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പച്ചക്കറികളുടെ ചിത്രങ്ങള്‍ നാട്ടിലെ കര്‍ഷകരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. 12 ഉം 13 ഉം കിലോ തൂക്കമുള്ള രണ്ട് വലിയ മത്തനാണ് ഇന്നലെ തോട്ടത്തില്‍ നിന്നും പറിച്ചത്.
ദീര്‍ഘകാലമായി ഖത്തറിലുള്ള തന്റെ അമ്മാവന്മാരാണ് കൃഷിയുടെ മുഖ്യ ശില്‍പികളെന്നും താന്‍ ഒരു സഹായി മാത്രമാണെന്നും നൗഫല്‍ പറഞ്ഞു. തികച്ചും ഓര്‍ഗാനിക്കായാണ് കൃഷി ചെയ്യുന്നത്.
ആവശ്യത്തിന് വെള്ളവും വളവും നല്‍കി പരിചരിച്ചാല്‍ മരുഭൂമിയില്‍ കൃഷി വളരെ എളുപ്പമാണ്. വലിയ അദ്ധ്വാനമില്ലാതെ മികച്ച വിളവും ലഭിക്കും.
തക്കാളി, കാരറ്റ്, ബീറ്റ് റൂട്ട്, പച്ചമുളക്, പയര്‍, ബീന്‍സ്, വെണ്ട , പാവക്കസ കുമ്പളങ്ങ തുടങ്ങി നിരവധി വിഭവങ്ങളാണ് നൗഫലും അമ്മാവന്മാരും കൃഷി ചെയ്യുന്നത്. മല്ലി, പൊതീന, ജിര്‍ജീര്‍, ലെട്ടൂസ് തുടങ്ങിവയും ഇവരുടെ കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നു
കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നല്‍കുന്ന ഒരു വിനോദമെന്ന നിലയിലും കൂടിയാണ് നൗഫലും അമ്മാവന്മാരും വര്‍ഷങ്ങളായി മരുഭൂമിയിയില്‍ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകള്‍ പരീക്ഷിക്കുന്നത്.