
ഭീമന്‍ ബലൂണ്‍ പരേഡും വെടിക്കെട്ടും ഈദ് ഫെസ്റ്റിവല്‍ അവിസ്മരണീയമാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഭീമന്‍ ബലൂണ്‍ പരേഡും വെടിക്കെട്ടും ഈദ് ഫെസ്റ്റിവല്‍ അവിസ്മരണീയമാക്കി .ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹ കോര്‍ണിഷില്‍ നടക്കുന്ന പ്രഥമ ഈദ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനമാണ് ഭീമന്‍ ബലൂണ്‍ പരേഡ് അരങ്ങേറിയത്.
ഗള്‍ഫ് മേഖലയിലെ പ്രഥമ ഭീമന്‍ ബലൂണ്‍ പരേഡ് ദോഹ കോര്‍ണിഷില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശഭരിതരാക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ ബലൂണ്‍ പരേഡ് കാന്‍സലാക്തിയപ്പോള്‍ നിരാശരായി മടങ്ങിയ ജനക്കൂട്ടം ബുധനാഴ്ച ദോഹ കോര്‍ണിഷിനു മുകളില്‍ ഒരു ഡസനിലധികം അക്ഷര ബലൂണുകള്‍ ഉയര്‍ന്നപ്പോള്‍ ആവേശത്തേരിലേറി
പ്രശസ്തമായ വീഡിയോ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍, ആംഗ്രി ബേര്‍ഡ്സ്, മിനിയന്‍സ്, സൂപ്പര്‍ മാരിയോ തുടങ്ങിയ സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹീലിയം നിറച്ച ബലൂണുകള്‍, ഖത്തര്‍ എയര്‍വേയ്സ് ബലൂണ്‍ വിമാനത്തിനൊപ്പം നടത്തിയ പരേഡ് കുട്ടികളേയയും മുതിര്‍ന്നവരേയും ഒരു പോലെ ആകര്‍ഷിച്ചു.
ഉത്സവത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ നടപ്പാതയായി മാറിയ ദോഹ കോര്‍ണിഷിലേക്ക് ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തിയപ്പോള്‍ അന്തരീക്ഷത്തിലാകെ പെരുന്നാള്‍ സന്തോഷം നിറഞ്ഞു നിന്നു.
ദോഹ കോര്‍ണിഷിന്റെ മാനത്ത് മാരിവില്ലിന്റെ വര്‍ണങ്ങള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗം ഏറെ ഹൃദ്യമായി . ഈദ് ഫെസ്‌ററ്റിവല്‍ ഇന്ന് സമാപിക്കും.