പുതുതായി നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍. പൊതുജനങ്ങള്‍ക്കും മികച്ച വൈദ്യസഹായം നല്‍കി ഖത്തറിന്റെ ആരോഗ്യമേഖല്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നടപടിയാണിത്.
അല്‍ ഹിലാല്‍, ബനി ഹജര്‍, മുഗലിന, മദീന ഖലീഫ സിറ്റി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 2024 ഓടെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും.
പൊതുമരാമത്ത് അതോറിറ്റി ഈ വര്‍ഷം പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്ന അല്‍ സദ്ദ്, സൗത്ത് അല്‍ വകറ, അല്‍ മശാഫ്, ഐന്‍ ഖാലിദ്, അല്‍ ഖോര്‍ എന്നീ അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് ഇവ.
പഴയ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിസ്റ്റം ഉപയോഗിച്ച് നൂതനമായ ആരോഗ്യ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ലഭിക്കുക. ഫിസിയോതെറാപ്പിക്കൊപ്പം ഡെന്റല്‍, ഇഎന്‍ടി, വിട്ടുമാറാത്ത രോഗഗങ്ങള്‍, ചര്‍മ്മരോഗ ചികിത്സ എന്നിവയ്ക്കുള്ള പ്രത്യേക ക്ലിനിക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കും. കൂടാതെ, രോഗാവസ്ഥയിലേക്ക് എത്തുന്നതിനുമുമ്പ് ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള വെല്‍നസ് സേവനങ്ങളും ഏര്‍പ്പെടുത്തും.
അല്‍ സദ്ദ്, സൗത്ത് അല്‍ വകറ, അല്‍ മശാഫ്, ഐന്‍ ഖാലിദ്, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ അഞ്ച് പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ മൊത്തം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 32 ആകും.