ഹോട്ടല്‍ ക്വാറന്റൈന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിതശ്രമമെന്ന് ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് കൂടിയ രാജ്യങ്ങളില്‍ ( റെഡ് സോണ്‍) നിന്നും വരുന്ന എല്ലാവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായതിനെ തുടന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. ക്വാറന്റൈന്‍ ഹോട്ടല്‍ റൂമുകള്‍ ലഭ്യമല്ലാത്തതും, ലഭ്യമായവയിലെ ഉയര്‍ന്ന നിരക്കും പ്രയാസം സൃഷ്ടിക്കുന്നതായ വാര്‍ത്തകളോടുള്ള പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സിന്റെ കീഴിലുള്ള ഡിസ്‌കവര്‍ ഖത്തറാണ് ക്വാറന്റൈന്‍ ഹോട്ടലുകള്‍ മാനേജ് ചെയ്യുന്നത്.
ഇതുവരെ 65 ഹോട്ടലുകളിലായി 310,000 പേരാണ് ക്വാറന്റൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി. സാധാരണ ഗതിയില്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ക്ക് റീഫണ്ടിംഗ് അനുവദനീയമല്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ റീഫണ്ടിംഗ് പരിഗണിക്കുന്നുണ്ട്. ഇതുവരെ 50,000 റീഫണ്ടുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. റീഫണ്ടിംഗ് പ്രോസസ് ചെയ്യുവാന്‍ ചുരുങ്ങിയത് 60 ദിവസമെങ്കിലുമെടുക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കോവിഡ് പ്രതിരോധം ഉറപ്പുവരുത്തി ഖത്തറിലേക്ക് മടങ്ങുന്നവരെ സ്വാഗതം ചെയ്യാന്‍ 240 ല്‍ അധികം ജീവനക്കാര്‍ പ്രതിജ്ഞാബദ്ധരായി ജോലി ചെയ്യുന്നുണ്ട്.