Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Featured Stories

കൊറോണക്കൊരു തുറന്ന കത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ദൈനം ദിന ജീവിതത്തെ മാറ്റി മറിച്ച കൊറോണക്കൊരു തുറന്ന കത്തെഴുതി ഷാര്‍ജയിലെ പ്രവാസി ബാലന്‍ ശ്രദ്ധേയനാകുന്നു. ഷാര്‍ജ പ്രോഗ്രസ്സീവ് ഇംഗ്‌ളീഷ് സ്‌ക്കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥി റാഹില്‍ ഷാനാണ് കൊറോണക്കൊരു തുറന്ന കത്തെഴുതിയത്.

കൂട്ടുകാരൊന്നിച്ച് കളിക്കാന്‍ കാത്തിരുന്ന നേരത്ത് അവിചാരിതമായി വന്ന മഴയോട് പോകാന്‍ പറയുന്ന ഇംഗ്‌ളീഷ് ബാലന്റെ റെയിന്‍ റെയിന്‍ ഗോ എവേയ്, കം എഗയിന്‍ അനതര്‍ ഡേ, ലിറ്റില്‍ ജോണി വാണ്‍ട്‌സ് ടു പ്‌ളേ എന്ന പ്രശസ്തമായ നഴ്‌സറി ഗാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് റാഹിലിന്റെ കത്ത്.

നിഷ്‌കളങ്ക ബാല്യത്തിന്റെ നിര്‍മലമായ ചോദ്യങ്ങളും അന്വേഷണങ്ങളും ഏവരിലും കൗതുകമുണര്‍ത്തും. പ്രിയപ്പെട്ട കൊറോണ, നീയെന്തിനാണ് വന്നത്. എല്ലാ ജനങ്ങളും പ്രയാസത്തിലാണ്. എന്റെ അച്ഛനും അമ്മയും അവശരായി കിടപ്പിലാണ്. അവര്‍ക്കിരുവര്‍ക്കും ശ്വസിക്കുവാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ അവര്‍ മരിച്ചുപോകും. അതിനാല്‍ എത്രയും വേഗം സ്ഥലം വിടണമെന്നാണ് ഈ കൊച്ചുബാലന്‍ കൊറോണയോട് ആവശ്യപ്പെടുന്നത്.

എനിക്ക് പരീക്ഷ വരാറായി. ഉമ്മയും ഉപ്പയും ഇങ്ങനെ കിടപ്പിലായാല്‍ പിന്നെ ആരാണ് എന്നെ പഠിപ്പിക്കുക, ആരാണ് എനിക്ക് ഭക്ഷണം നല്‍കുക, ആരാണ് എന്നെ പരിചരിക്കുക. എന്റെ അച്ഛനേയയും അമ്മയേയും മാത്രമല്ല എല്ലാവരേയും കഷ്ടത്തിലാക്കുന്ന കൊറോണ, നീ എത്രയും വേഗം ഈ ലോകത്തുനിന്നും പോകണം.

വീടിന്റെ ഇടുങ്ങിയ ഇടനാഴികകളില്‍ നിന്നും പുറം ലോകത്തിന്റെ വിശാലതയില്‍ എനിക്ക് പാറി നടക്കണം. പൂക്കളോടും പൂത്തുമ്പികളോടും കിന്നാരം പറഞ്ഞ് പ്രകൃതിയുടെ മനോഹാരിത മതിവരുവോളം നുകരണം. പാര്‍ക്കിലും ബീച്ചിലുമൊക്കെ ഓടിക്കളിക്കണം. കൊറോണ, നീ പോയാലല്ലേ ഇതൊക്കെ നടക്കൂ .

കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ പരസ്പരം കാണാനും കൂടിയാടാനുമൊക്കെ വല്ലാതെ കൊതിക്കുന്നുണ്ട്. സ്‌ക്കൂളിലെ കൂട്ടുകാരെ കാണാതെ, അവരുമായി കളിക്കാതെ ഇനിയും എത്രനാള്‍ കഴിയണം. ദയവ് ചെയ്ത് ഞങ്ങളുടെ വിലപ്പെട്ട ബാല്യം നശിപ്പിക്കരുതെന്നാണ് റാഹിലിന് കൊറോണയോട് പറയാനുള്ളത്.

പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ തന്റെ വിഹ്വലതകളും പ്രയാസങ്ങളും ലളിതമായ ഇംഗ്‌ളീഷിലാണ് റാഹില്‍ കുറിച്ച് വെച്ചത്. മുഖം മറക്കുന്ന ഫേസ് മാസ്‌ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരിയോ മായ്ക്കുമോ എന്ന ഈ കൊച്ചുബാലന്റെ ആശങ്ക കൊറോണയുടെ ഭീകരമുഖമാണ് അനാവരണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മകന്റെ പുസ്തകങ്ങള്‍ അടുക്കിവെക്കുന്നതിനിടയില്‍ റാഹിലിന്റെ മാതാവാണ് ഈ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തിയത്. റാഹിലിന്റെ മാതാപിതാക്കള്‍ കൊറോണയോട് മല്ലിട്ട ദിവസങ്ങളെ വളരെ മനോഹരമായാണ് ഈ ബാലന്‍ കുറിച്ചുവെച്ചിരിക്കുന്നത്. ഡയറിക്കുറിപ്പുകളില്‍ നാട്ടിലുള്ള സഹോദരി സീഷക്കെഴുതിയ കുറിപ്പുകളും ശ്രദ്ധേയമാണ്. തന്റെ പരിഭവങ്ങളും സങ്കടങ്ങളുമൊക്കെ ഹൃദയസ്പൃക്കായ രീതിയിലാണ് റാഹില്‍ പങ്കുവെക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ നാരായണ്‍പാറ സ്വദേശികളായ ഷാന്‍, റോഷിന്‍ ദമ്പതികളുടെ ഇളയ മകനായ റാഹില്‍ ഒരു നല്ല കലാകാരന്‍ കൂടിയാണ്. ഡ്രോയിംഗിലും പെയിന്റിംഗിലുമൊക്കെ കൊച്ചു പ്രായത്തിലേ തല്‍പരനായിരുന്ന റാഹിലിന്റെ പല ചിത്രങ്ങളും ഇതിനകം തന്നെ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്

മാതാവ് തൂലിക പടവാളാക്കിയ പ്രവാസി അധ്യാപികയായ റോഷിന്‍ഷാന്‍ കണ്ണൂരും പിതാവ് ഷാന്‍ കണ്ണൂരും കലാകാരന്മാരായതിനാല്‍ കലാവാസന ഈ ബാലന് പാരമ്പര്യമാകാം. എഴുത്തിലും ചിത്രം വരയിലും ക്രാഫ്റ്റിലുമൊക്കെ മികവ് തെളിയിച്ചാണ് റോഷിന്‍ തന്റെ സര്‍ഗസഞ്ചാരം അടയാളപ്പെടുത്തുന്നതെങ്കില്‍ ഗസലുകളാണ് ഷാനിന്റെ മേഖല.

കണ്ണൂരിലെ എച്ച്. ഐ. എസ്.ഇംഗ്‌ളീഷ് സ്‌ക്കൂള്‍ നാലാം തരം വിദ്യാര്‍ഥിനിയായ റാഹിലിന്റെ സഹോദരി സീഷയും നല്ലൊരു കലാകാരിയാണ്. പാട്ടും നൃത്തവുമൊക്കെയാണ് സീഷ തെരഞ്ഞെടുക്കുന്നത്.

റാഹിലിന്റെ ചില ചിത്രങ്ങള്‍

Related Articles

Back to top button