
ഖത്തര്‍ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന ഖത്തര്‍ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. പ്രോട്ടോക്കോളുകള്‍ പാലിച്ച് റൗദ അസ്സ അല്‍ റായ് ഏരിയയില്‍ നടന്ന ക്ളീനിംഗ് പരിപാടിയില്‍ 15 സന്നദ്ധ പ്രവര്‍ത്തകരും ഗവണ്മെന്റ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. പരിസ്ഥിതി ചിന്തയും സംരക്ഷണവും ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ നമ്മുടെ ചിന്തയിലും സമീപനത്തിലും മാറ്റം വരുത്തണമെന്ന് പരിപാടിയില്‍ പങ്കൈടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങളും ചെടി നടലുകളും നിരന്തരം നടക്കുമ്പോഴാണ് ഹരിതാഭവും ശുദ്ധവുമായ പ്രകൃതി ഉറപ്പുവരുത്താനാവുക. പ്രകൃതി സംരംക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്ന വിചാരമാണ് വളരേണ്ടത്.
ഖത്തര്‍ പരിസ്ഥിതി സൗഹൃദ രാജ്യമാണെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്ന സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള പരിപാടികളാണ് രാജ്യം നടപ്പാക്കുന്നതെന്നും ഖത്തര്‍ മുനിസിപ്പല്‍, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാ വര്‍ഷവും ഫെബ്രുവരി 26 ഖത്തര്‍ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതി സംരംക്ഷണത്തില്‍ രാജ്യത്തിന്റെ ശ്രദ്ധയുടെ ഭാഗമാണ്.
സ്വകാര്യ പൊതുപങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ബീച്ച് ക്ളീനിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ എല്ലാ തലമുറകള്‍ക്കും അത്യാവശ്യമായ നിലയില്‍ നിലനിര്‍ത്തുന്നതിനും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ നാല് തൂണുകളിലൊന്നായി രാജ്യം പരിസ്ഥിതി വികസനത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഈ ദര്‍ശനം കൈവരിക്കുക എന്നത് ദേശീയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരിസ്ഥിതിയുടെ പ്രാധാന്യവും അതിന്റെ സംരക്ഷണവും ഭാവിതലമുറയുടെ സുസ്ഥിരതയും ഊന്നിപ്പറയുന്ന ഈ ദിനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ആചരിക്കുന്നത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതിയിലൂടെ രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിന് വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ തന്ത്രപരമായ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, സംയോജനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും മന്ത്രാലയം നിരവധി പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മരം നടല്‍ പദ്ധതികള്‍ക്കും മുന്നോട്ടുവന്ന സന്നദ്ധ പ്രവര്‍ത്തകരെ അധികൃതര്‍ അനുമോദിച്ചു.