മഞ്ജു മനോജ്, ഖത്തര്‍ വേദികളിലെ രാജകുമാരി
ഡോ. അമാനുല്ല വടക്കാങ്ങര
മധുര മനോഞ്ജമായ ശബ്ദവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് ഖത്തര്‍ വേദികള്‍ കീഴടക്കിയ രാജകുമാരിയാണ് മഞ്ജു മനോജ്. ഏത് തരം ഓഡിയന്‍സിനേയും കയ്യിലെടുക്കാനുള്ള മിടുക്കും അവതരണ ചാരുതയും തന്നെയാകാം കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ കലാസാംസ്‌കാരിക വേദികളിലെ ഏറ്റവും പോപ്പുലറായ അവതാരകയായി മഞ്ജുവിനെ മാറ്റിയത്. ചെറുതും വലുതുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ച് വേദികളില്‍ നിന്നും വേദികളിലേക്ക് പറന്നുനടക്കുന്ന ഈ ചങ്ങനാശ്ശേരിക്കാരി സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ സഭാകമ്പം കൊണ്ട് പ്രസംഗം മറന്ന് പൊട്ടിക്കരഞ്ഞ കിങ്ങിണിക്കുട്ടിയായിരുന്നുവെന്നറിയുമ്പോള്‍ നാം അത്ഭുതപ്പെടും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ നടന്നപ്രധാനപ്പെട്ട മിക്ക പരിപാടികളുടേയും ഭാഗമാവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് മഞ്ജു കരുതുന്നത്.
ചങ്ങനാശ്ശേരി തൃക്കുടിത്താനത്ത് താമസിക്കുന്ന മൃത്യുഞ്ജയന്റേയും സൗദാമിനിയുടേയും സീമന്ത പുത്രിയായ മഞ്ജു പെരുന്ന എന്‍.എസ്.എസ്. സ്‌ക്കൂളിലും കോളേജിലുമാണ് പഠിച്ചത്. അധ്യാപകരുടെയൊക്ക സ്‌നേഹവാല്‍സല്യങ്ങളേറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചെങ്കിലും വേദികളോട് ഭയമായിരുന്നു. പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് ഇംഗ്‌ളീഷ് പ്രസംഗം മറന്ന് സ്‌റ്റേജില്‍ നിന്നും കരഞ്ഞ് ഇറങ്ങി പോരേണ്ടി വന്നത്. കോളേജ് കാലഘട്ടത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും കലാപരിപാടികളിലോ സാംസ്‌കാരിക പ്രവര്‍ത്തനത്തിലോ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല .
ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം എം.ബി.എക്ക് ചേര്‍ന്നതാണ് മഞ്ജുവിന്റെ വ്യക്തിത്വരൂപീകരണത്തില്‍ വഴിത്തിരിവായത്. സ്‌റ്റേജ് നിയന്ത്രിക്കാനും നല്ലൊരു അവതാരകയാകാനുമൊക്കെ എം.ബി. എ. കോഴ്‌സ് ഏറെ സഹായിച്ചു.
പത്തനംതിട്ട പ്രക്കാനം സ്വദേശി മനോജിനെ ജീവിത പങ്കാളിയായി ലഭിച്ചതിനെ തുടര്‍ന്ന് 2008 ല്‍ ദോഹയിലെത്തിയ മഞ്ജു തികച്ചും യാദൃശ്ചികമായാണ് അവതാരകയായി മാറിയത്. സീനിയര്‍ സിസ്റ്റം എഞ്ചിനീയറായ ഭര്‍ത്താവ് ജോലി ചെയ്യുന്ന ബെല്‍ജിയം കമ്പനിയുടെ ഓണാഘോഷത്തോടെയാണ് മഞ്ജു അരങ്ങേറ്റം കുറിച്ചത്. അധികവും ഇംഗ്‌ളീഷുകാര്‍ മാത്രമുണ്ടായിരുന്ന ഒരു വേദിയില്‍ ഓണാഘോഷത്തെ പരിചയപ്പെടുത്തി ലളിതമായ ഇംഗ്‌ളീഷില്‍ പരിപാടി അവതരിപ്പിച്ചാണ് മഞ്ജു അവതരണ രംഗത്ത് ഹരിശ്രീ കുറിച്ചത്.
കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡണ്ട് ഗഫൂര്‍ കോഴിക്കോട് ഖത്തര്‍ മലയാളികള്‍ക്ക് മഞ്ജുവിനെ പരിചയപ്പെടുത്തിയത്. കെ.പി.എ.ക്യൂവിന്റെ രണ്ട് മൂന്ന് പൊതുപരിപാടികളിലൂടെ മലയാളി സമൂഹത്തിന്റെ കയ്യടി വാങ്ങിയ മഞ്ജുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
തിരുമുറ്റം ഖത്തര്‍ സ്ഥാപകന്‍ സൈനുദ്ധീന്‍ വന്നേരിയാണ് തനിക്ക് ഖത്തറില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. കലാസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തിരുമുറ്റം ഖത്തറിന്റെ എല്ലാ പരിപാടികളുടേയും അവതാരകയാകാന്‍ അവസരം ലഭിച്ചുവെന്നുമാത്രമല്ല ഒരു കൊച്ചു സഹോദരിയെപ്പോലെയുള്ള കരുതലും പ്രചോദനവും കൊണ്ട് അദ്ദേഹം വല്ലാതെ സ്വാധീനിച്ചു. ക്യൂ ബിസിന്റെ മേധാവി നിഷാദ് ഗുരുവായൂര്‍, അവതാരകനായ അരുണ്‍ പിള്ള പ്രവീണ്‍, ഗായകന്‍ മുത്തു, എല്‍ദോ മാമലശ്ശേരി, അക്ബര്‍ തുടങ്ങിയവരും ഈ രംഗത്ത് നല്‍കിയ പ്രോല്‍സാഹനവും പിന്തുണയും അവിസ്മരണീയമാണ്. ഖത്തറിലുണ്ടായിരുന്ന സഹോദരന്‍ വിപിന്‍ മൃത്യൂഞ്ജയന്‍, റഹ്മത് മനോജ്, അനു ശ്രീജിത്ത് എന്നിവരും മഞ്ജുവിന്റെ കലാജീവിതത്തിലെ മറക്കാനാവാത്തവരാണ് .
ഇപ്പോള്‍ സ്‌റ്റേജ് മാനേജ്‌മെന്റ് മഞ്ജുവിന് വല്ലാത്തൊരു ഹരമാണ്. കുറേ നല്ല മനുഷ്യരെ കാണാനും അവരുമായും സംവദിക്കാനും അവസരം ലഭിക്കുമെന്ന് മാത്രമല്ല നല്ല സൗഹൃദങ്ങളും ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്നു. പലപ്പോഴും ജീവിതത്തിലെ സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കാന്‍ അവതാരക വേഷം സഹായിക്കാറുണ്ട്. പ്രിയതമന്‍ മനോജിന്റെ പൂര്‍ണ പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങളുടേയും അടിസ്ഥാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തന്റെ കുഞ്ഞുങ്ങളെ വേണ്ട രൂപത്തില്‍ പരിചരിക്കുന്ന മേഴ്‌സി എന്ന ഹൗസ് മെയിഡും എന്റെ കരിയറില്‍ മറക്കാനാവില്ല. എന്റെ അഭാവത്തില്‍ അവരുടെ കരങ്ങളില്‍ കുട്ടികള്‍ പൂര്‍ണസുരക്ഷിതരാണെന്ന ധൈര്യമാണ് മനസമാധാനത്തോടെ പരിപാടികള്‍ ചെയ്യാന്‍ സഹായിക്കുന്നത്.
ചിലപ്പോഴെങ്കിലും അവതാരകയുടെ റോള്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും. സംഘാടകര്‍ പൊടുന്നനെ പ്രോഗ്രാമിന്റെ ക്രമം മാറ്റുകയോ അതിഥികളെ മാറ്റുകയോ ഒക്കെ ചെയ്യുമ്പോള്‍ പ്രയാസപ്പെടുന്നത് അവതാരകരാണ്. പരിപാടി വിചാരിച്ച നിലവാരമില്ലാതെ വരുമ്പോഴും ബുദ്ധിമുട്ടും. എല്ലാ സന്ദര്‍ഭങ്ങളേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ച് പൊതുജനങ്ങളുടെ കയ്യടിവാങ്ങുകയെന്നത് വിചാരിക്കുന്നത്ര എളുപ്പമല്ലെന്നാണ് മഞ്ജു വിന്റെ കാഴ്ചപ്പാട്.
ഖത്തര്‍ മലയാളികള്‍ക്ക് പുതിയ സിനിമകളുടെ പ്രീമിയര്‍ ഷോ നടത്താനും സംവിധായകര്‍, നടന്മാര്‍ എന്നിവരോടൊപ്പം സമയം ചിലവഴിക്കാനുമൊക്കെയായി രൂപീകൃതമായ ഫണ്‍ഡേ ക്‌ളബ്ബിന്റെ ഉപാധ്യക്ഷയാണ് മഞ്ജു
നേരത്തെ ഏഷ്യാനെറ്റ് പഌിലും വോയിസ് ഓഫ് കേരളയിലും ഖത്തറില്‍ നിന്നുള്ള പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മഞ്ജു യുട്യൂബര്‍ എന്ന നിലക്കും സജീവമാണ് .
ആദിത്രി, അന്‍വിത എന്നിവരാണ് മക്കള്‍. നല്ല വായനക്കാരായ മക്കള്‍ ഇംഗ്‌ളീഷ് ഭാഷയില്‍ പ്രത്യേക കഴിവും താല്‍പര്യവുമുള്ളവരാണ്.