തസ്വീര്‍ ഫോട്ടോ ഫെസ്റ്റിവല്‍ മാര്‍ച്ച് 24 ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ മ്യൂസിയംസ് സംഘടിപ്പിക്കുന്ന പ്രഥമ തസ്വീര്‍ ഫോട്ടോ ഫെസ്റ്റിവല്‍ മാര്‍ച്ച് 24 ന് നടക്കും.
ശൈഖ് സുഊദ് അല്‍ ഥാനി അവാര്‍ഡുകള്‍, കമ്മീഷനുകള്‍, സഹകരണങ്ങള്‍, പ്രസന്റേഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും ഖത്തറിലെയും പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക (വാന) മേഖലയിലെ ഫോട്ടോഗ്രാഫര്‍മാരുമായും ഫോട്ടോഗ്രാഫിക് കമ്മ്യൂണിറ്റികളുമായും സംഗമവേദിയാകും.
ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതും സോഷ്യല്‍ ആന്റ് സ്പോര്‍ട്ട് കോണ്‍ട്രിബ്യൂഷന്‍ ഫണ്ട് (ദാം) സ്പോണ്‍സര്‍ ചെയ്തതുമായ ഈ ഉത്സവം കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഖത്തറിന്റെ കലാ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ക്രിയേറ്റീവ് വ്യവസായത്തെ പിന്തുണയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. ക്രിയേറ്റീവ് വ്യവസായങ്ങളിലെ നവീകരണത്തിനും സംരംഭകത്വത്തിനുമുള്ള ഖത്തറിന്റെ പുതിയ കേന്ദ്രമായ എം 7, തസ്വീറിന്റെ കേന്ദ്ര സ്ഥാനമായി പ്രവര്‍ത്തിക്കും.
ഖത്തറിലെ ഏറ്റവും മികച്ച കളക്ടര്‍മാരില്‍ ഒരാളായിരുന്ന ഷെയ്ഖ് സുഊദ് അല്‍ ഥാനിയുടെ നാമഥേയത്തില്‍ തസ്വീര്‍ രണ്ട് അവാര്‍ഡുകള്‍ സമര്‍പ്പിക്കും. ഫോട്ടോഗ്രാഫറുടെ അനുഭവത്തെയും വ്യക്തിഗത വിവരണത്തെയും മികച്ച രീതിയില്‍ പ്രതിനിധീകരിക്കുന്ന ഒരൊറ്റ ചിത്രത്തിനായുള്ള വാര്‍ഷിക പുരസ്‌കാരമാണ് ശൈഖ് സുഊദ് അല്‍ ഥാനി സിംഗിള്‍ ഇമേജ് അവാര്‍ഡ്.2021 അവാര്‍ഡ് ജേതാക്കളെ മാര്‍ച്ച് 24 ന് പ്രഖ്യാപിക്കും.