ഖത്തര്‍ ഗ്യാസ് സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 2021 ഡിസംബര്‍ 31 ന് ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ച്വറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡുമായുള്ള ( ക്യുജി 1) സംയുക്ത സംരംഭ കരാര്‍ കാലാവധി കഴിയുന്നതോടെ ഖത്തര്‍ ഗ്യാസ് ഖത്തര്‍ പെട്രോളിയത്തിന് സ്വന്തമാകും. ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ച്വറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ 2022 ജനുവരി 1 മുതല്‍ ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ച്വറല്‍ ഗ്യാസ് കമ്പനിയുടെ മുഴുവന്‍ ആസ്തികളുടെയും സൗകര്യങ്ങളുടെയും 100 ശതമാനം ഖത്തര്‍ പെട്രോളിയം ഉടമസ്ഥതയിലാകും.
1984 ല്‍ സ്ഥാപിതമായ ക്യുജി 1 ഖത്തര്‍ പെട്രോളിയവും ടോട്ടല്‍, എക്സോണ്‍ മൊബീല്‍, മരുബെനി, മിത്സുയി എന്നിവയുടെ അനുബന്ധ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഖത്തറില്‍ എല്‍എന്‍ജി വികസിപ്പിക്കാനുള്ള പ്രഥമ പദ്ധതിയാണ് ക്യുജി 1. അതിന്റെ വിജയമാണ് ഖത്തറിന്റെ എല്‍എന്‍ജി വ്യവസായത്തിന്റെ വികസനത്തിന് വഴിയൊരുക്കിയതും രാജ്യം ഇന്നനുഭവിക്കുന്ന പുരോഗതിയിലേക്ക് നയിച്ചതും.