Breaking NewsUncategorized

എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17 ന്

അമാനുല്ല വടക്കാങ്ങര

ദോഹ:എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ പതിനേഴ് വെള്ളി രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതു മുപ്പത് വരെ ആസ്പയര്‍ സ്‌പോര്‍ട്‌സ് സിറ്റിയിലുള്ള ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് നടക്കുമെന്നും സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാല് സെഷനുകളായാണ് സമ്മേളനം നടക്കുക. രാവിലെ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഡോ.ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സദസ്സുമായി സംവദിക്കും. ഉച്ച ഭക്ഷണത്തിനു ശേഷമാണ് കുടുംബ സെഷന്‍ നടക്കുക. കുടുംബ സെഷനില്‍ പി എം എ ഗഫൂര്‍, ഡോ. അജു എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന മാധ്യമ സെമിനാറില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിക്കും.
കെ. മുരളീധരന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ആലങ്കോട് ലീലാകൃഷ്ണന്‍, ബിഷപ്പ് ഡോ.ഗീ വര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. മല്ലിക എം ജി എന്നിവര്‍ സംസാരിക്കും.

‘കാത്തു വെക്കാം സൗഹൃദ തീരം’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് സമ്മേളനത്തില്‍ നടക്കുക. മത-പ്രാദേശിക-രാഷ്ട്രീയ പരിഗണകള്‍ക്കതീതമായി എല്ലാ തരം വിഭാഗീയതകളും മാറ്റി വെച്ച് കൊണ്ട് മനുഷ്യര്‍ ഒത്തൊരുമിച്ചു ജീവിക്കുന്ന പ്രദേശം എന്ന പാരമ്പര്യം കേരളത്തിലെ ജനങ്ങള്‍ നിലനിര്‍ത്തണം എന്ന ഓര്‍മ്മപ്പെടുത്തലുമായി 1999 ല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മുന്നോട്ട് വെച്ച ആശയമാണ് ഖത്തര്‍ മലയാളി സമ്മേളനം.തുടര്‍ന്ന് ദോഹയിലെ മുഴുവന്‍ മലയാളി സംഘടനകളും ഇത് ഏറ്റെടുക്കുകയായിരുന്നു.

എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യ കേരളത്തിന്റെ അറുപത്തി ഏഴു വര്‍ഷങ്ങള്‍’, സ്ത്രീ പ്രവാസം – കയ്പ്പും മധുരവും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിച്ചു. അതോടൊപ്പം കലാ – കായിക – സാഹിത്യ മത്സരങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചനാ മത്സരങ്ങള്‍, ‘ബോധനീയ 2023’ എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷറഫ് പി ഹമീദ്,ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍,മുഖ്യ രക്ഷാധികാരി എ പി മണികണ്‍ഠന്‍,ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്,പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദ് സിയാദ്,ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി,ജനറല്‍ സെക്രട്ടറി റഷീദലി വി പി എന്നിവര്‍ പങ്കെടുത്തു.

സിറ്റി എക്‌സ്‌ചേഞ്ച് മുഖ്യ പ്രായോജകരായ മലയാളി സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്,വെല്‍കെയര്‍ ഫാര്‍മസി,അമേരിക്കന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്ക് എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരാണ്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://tinyurl.com/qmc2023

Related Articles

Back to top button
error: Content is protected !!