മണികണ്ഠ മേനോന് ജന്മ നാടിന്റെ അന്ത്യാജ്ഞലി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ ബുധനാഴ്ച രാവിലെ ഹൃദയാഘാതം മൂലം ഖത്തറില്‍ അന്തരിച്ച മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ മണികണ്ഠ മേനോന് ഇന്ന് ജന്മനാട് വിട നല്‍കി. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഭാര്യ ബേബി മേനോനും ഖത്തര്‍ എയര്‍ഫോഴ്സ് പ്രതിനിധിയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ മണികണ്ഠ മേനോന്റെ മൃതദേഹം വീട്ടിലെത്തിയതോടെ ഈ വിയോഗം ആ നാട്ടിന്റെ മൊത്തം നൊമ്പരമായി. ബന്ധുക്കളുടേയും സ്വന്തക്കാരുടേയും മാത്രമല്ല സുഹൃത്തുക്കളുടേയും ദുഃഖം അണപൊട്ടിയൊഴുകിയത് വൈകാരിക രംഗങ്ങള്‍ക്ക് വഴിയൊരുക്കി.
കാലടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ ദഹിപ്പിച്ചു.
ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയില്‍ സമൂഹത്തില്‍ സജീവമായിരുന്ന മേനോന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഖത്തറിലും നാട്ടിലും പരന്ന സുഹൃദ് വലയങ്ങളുള്ള ഒരു മനുഷ്യ സ്നേഹിയെയാണ് മണികണ്ഠ മേനോന്റെ വിയോഗത്തിലൂടെ നഷ്ടമായത്.