ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് കനേഡിയന്‍ ഡയമണ്ട് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് കനേഡിയന്‍ ഡയമണ്ട് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്. ആരോഗ്യ സേവന രംഗത്തെ ഏറ്റവും ഉയര്‍ന്ന അക്രഡിറ്റേഷനാണ് അക്രഡിറ്റേഷന്‍ കനഡ ഇന്റര്‍നാഷണല്‍ നല്‍കുന്നത്. ആതുരസേവന രംഗത്ത് ഫലങ്ങള്‍ നിരീക്ഷിക്കുന്ന, തെളിവുകള്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന പ്രതിബദ്ധതയുള്ളതും ഗുണനിലവാരമുള്ളതുമായ ഓര്‍ഗനൈസേഷനുകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കാറുള്ളത്. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി സമഗ്രമായ വിലയിരുത്തലിലൂടെയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനേജ്മെന്റ് എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍, സപ്പോര്‍ട്ട് സേവനങ്ങളുടെ ഗുണനിലവാരം, സുരക്ഷ, റിസ്‌ക് മാനേജ്മെന്റ്, ധാര്‍മ്മികത എന്നിവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം മാനദണ്ഡങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ഡയമണ്ട് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ആരോഗ്യ രംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തുന്ന ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ വിജയ വഴിയിലെ പുതിയ പടിയായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ, സാമൂഹിക സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഒരു പ്രക്രിയയിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകളെ സഹായിക്കുന്ന അന്താരാഷ്ട്ര അംഗീകൃത സ്ഥാപനമായ അക്രഡിറ്റേഷന്‍ കനഡ ഇന്റര്‍നാഷണനില്‍ നിന്ന് ഡയമണ്ട് ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കോര്‍പ്പറേഷന് കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുള്‍ മാലിക് പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വൈദ്യപരിചരണ ഗുണനിലവാരമളക്കുന്ന അവാര്‍ഡ് ലഭിക്കുന്ന ആദ്യകോര്‍പ്പറേഷനാണ് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍. മൂന്ന് വര്‍ഷത്തേക്കാണ് ഈ അംഗീകാരം. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അപ്പോഴത്തെ മാനദണ്ഡമനുസരിച്ച് പുതിയ വിലയിരുത്തലുകള്‍ നടത്തിയാണ് അംഗീകാരം പുതുക്കാനാവുക.