പുറത്തുനിന്നും വരുന്നവര്‍ക്കൊക്കെ പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത് യാത്രക്കാരിലെ കോവിഡ് നിയന്ത്രിക്കുവാന്‍ സഹായകമാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പുറത്തുനിന്നും വരുന്നവര്‍ക്കൊക്കെ പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം യാത്രക്കാരിലെ കോവിഡ് നിയന്ത്രിക്കുവാന്‍ സഹായകമാകും. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ വളരെ കാലമായി ആവശ്യപ്പെടുന്ന നടപടിയാണിത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യതരംഗം രൂക്ഷമായപ്പോള്‍ ഖത്തറടക്കമുള്ള പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ആഗസ്ത് മാസം മുതലാണ് എയര്‍ ബബിള്‍ എഗ്രിമെന്റ് വഴി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിമാനസര്‍വീസ് ആരംഭിച്ചത്. അന്നുമുതല്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. ആ സമയത്ത് യാത്രക്കാരിലെ കോവിഡ് ശരാശരി 30 ആയിരുന്നു. എന്നാല്‍ മാര്‍ച്ച് 15 മുതല്‍ ഖത്തര്‍ എയര്‍വേയ്സ് പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന നിലപാടിലേക്ക് മാറുകയാണുണ്ടായത്.
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സമയത്ത് യാത്രക്കാരുടെയിടയിലും ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ശരാശരിയെടുത്താല്‍ പ്രതിദിനം 150 ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സഥിരീകരിക്കുന്നുണ്ട്. സാഹചര്യത്തില്‍ പുറത്തുനിന്നും വരുന്നവര്‍ക്കൊക്കെ പി.സി.ആര്‍. ടെസ്റ്റ്, യാത്രക്കാരിലെ കോവിഡ് നിയന്ത്രിക്കുവാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.