വെര്‍ച്വല്‍ ആസ്തികളിലും ബിറ്റ്‌കോയിന്‍ പോലുള്ള കറന്‍സികളിലും ഇടപാട് നടത്തുവാന്‍ ബാങ്ക് എക്കൗണ്ട് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദോഹ ബാങ്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വെര്‍ച്വല്‍ ആസ്തികളിലും ബിറ്റ്‌കോയിന്‍ പോലുള്ള കറന്‍സികളിലും ഇടപാട് നടത്തുവാന്‍ ബാങ്ക് എക്കൗണ്ട് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദോഹ ബാങ്ക് . ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വെര്‍ച്വല്‍ ആസ്തികളിലും കറന്‍സികളിലും, പ്രത്യേകിച്ച് (ബിറ്റ്‌കോയിന്‍) ഇടപാടുകള്‍ നടത്തുന്നതിലും വ്യാപാരം ചെയ്യുന്നതിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതായി ദോഹ ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്കയച്ച എസ്. എഎം. എസില്‍ പറയുന്നു.
ഇത്തരത്തിലുള്ള വെര്‍ച്വല്‍ അസറ്റുകള്‍ വാങ്ങുക, വില്‍ക്കുക അല്ലെങ്കില്‍ കൈമാറ്റം ചെയ്യുക എന്നീ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണെന്ന് ബാങ്കിന്റെ സന്ദേശത്തില്‍ പറയുന്നു.
വ്യക്തിഗത എക്കൗണ്ടുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേയും ദോഹ ബാങ്ക് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.