
സലൂണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി കള്‍ച്ചറല്‍ ഫോറം സ്‌നേഹാര്‍ദ്രം
ദോഹ: കോവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത സലൂണുകളില്‍ ജോലി ചെയ്യുന്നവരെ ചേര്‍ത്തു പിടിച്ചു കള്‍ച്ചറല്‍ ഫോറം നടത്തിയ സ്‌നേഹാര്‍ദ്രം സംഗമം ശ്രദ്ധേയമായി.
കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വ്വീസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ സംസാരിച്ചു. കോവിഡ് ആരംഭം മുതല്‍ തന്നെ ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നും ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ പ്രയാസപ്പെടുന്നവര്‍ക്ക് എത്തിക്കുകയും ചെയ്തുകൊണ്ട് സേവന വഴിയില്‍ സജീവമാണ് കള്‍ച്ചറല്‍ ഫോറമെന്ന് ഡോ. താജ് ആലുവ പറഞ്ഞു കോവിഡിന്റെ രണ്ടാം വരവോടെയുള്ള പ്രതിസന്ധി അവസാനിക്കുന്നത് വരെ സലൂണുകളില്‍ ജോലി ചെയ്തിരുന്ന സഹോദരങ്ങള്‍ക്ക് കൂടി കള്‍ച്ചറല്‍ ഫോറത്തിന്റെ ഗുണഭോക്താക്കളില്‍ ഒരിടമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതിലേറെ പേര്‍ പങ്കെടുത്ത സംഗമത്തില്‍ ജനറല്‍ സെക്രട്ടറി മജീദലി സ്വാഗതം പറഞ്ഞു.
സ്‌നേഹാര്‍ദ്രം സംഗമത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ സംസാരിക്കുന്നു.