ആയിരത്തോളം കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കി ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ന്റെ ആദ്യ പാദത്തില്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ആയിരത്തോളം കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കിയതായി ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജാബിര്‍ അല്‍ ഥാനി പറഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ശ്രമിക്കുന്നത്. ഖത്തറിലെ നിവാസികളും സ്വദേശികളുമടക്കം 981 പേര്‍ക്കാണ് സൊസൈറ്റി സഹായം നല്‍കിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചുമായി (എന്‍സിസിസിആര്‍) സഹകരിച്ച് സുഖം പ്രാപിക്കുന്നതുവരെ ചികിത്സ തുടരാനാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി രോഗികളെ സഹായിക്കുന്നത്.
ക്യാന്‍സര്‍ ബാധിച്ച 1,317 രോഗികള്‍ക്കാണ് 2020 ല്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി പിന്തുണ നല്‍കിയത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ (ആദ്യ പാദം) 981 രോഗികളുടെ ചികിത്സക്കായി 65 ലക്ഷം റിയാലാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ഏറ്റെടുത്തത്, ഡോ. അല്‍ ഥാനി അല്‍ റയ്യാന്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പങ്കാളികളുമായി പ്രവര്‍ത്തിച്ച് ഖത്തറിനെ ക്യാന്‍സര്‍ പ്രതിരോധത്തില്‍ മുന്‍നിരയിലാക്കാനുള്ള ശ്രമങ്ങളാണ് 1997 മുതല്‍ ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്നത്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്കാണ്് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രയോജനം ലഭിച്ചത്.
ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം, നേരത്തെയുള്ള കണ്ടെത്തലിന്റെയും പ്രതിരോധ മാര്‍ഗ്ഗങ്ങളുടെയും പ്രാധാന്യം, രോഗികള്‍ക്കുള്ള ചികിത്സാ ചെലവ് വഹിക്കുക തുടങ്ങിവയാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ ലക്ഷ്യം, ”അദ്ദേഹം പറഞ്ഞു.
ക്യാന്‍സറിനൊപ്പം ജീവിക്കുന്ന വ്യക്തികള്‍ക്ക് എല്ലാ ഭൗതികവും ധാര്‍മ്മികവുമായ പിന്തുണ നല്‍കാന്‍ ക്യുസിഎസ് ശ്രദ്ധാലുവാണ്. ക്യാന്‍സര്‍ രോഗികളുടെ ചികിത്സക്കായി 2013 മുതല്‍ 2018 വരെ മൂവായിരത്തോളം രോഗികള്‍ക്ക് ഏകദേശം 30 മില്യണ്‍ റിയാലാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ചെലവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.