Uncategorized

ഖത്തറില്‍ തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഏകീകൃത പ്‌ളാറ്റ് ഫോം ഉടന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ തൊഴിലാളികളുടെ പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ ഏകീകൃത പ്‌ളാറ്റ് ഫോം ഉടന്‍ നിലവില്‍ വരുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ് മാന്‍ ഫഖ്‌റൂ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംസാരിക്കവേയാണ് അദ്ദേഹം തൊഴില്‍ രംഗത്ത് വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്. തൊഴില്‍ സംബന്ധമായ കാര്യങ്ങളൊക്കെ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറനുസരിച്ച് നടക്കുന്നുവെന്നുറപ്പുവരുത്തുമെന്നും കരാറുകളെ എല്ലാവരും ആദരിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തിന്റെ വികസന നവോത്ഥാനത്തില്‍ പങ്കാളിയെന്ന നിലയില്‍ എല്ലാ തൊഴിലാളികളുടേയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള തൊഴിലാളി ക്ഷേമ പദ്ധതിയുമായി ഖത്തര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുച്ചുവരികയാണെന്നും പുതിയ തൊഴില്‍ മാറ്റ വ്യവസ്ഥകള്‍ നടപ്പാകുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ തൊഴില്‍ ദിനമാചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . വ്യത്യസ്ത തൊഴിലുടമകള്‍ക്കിടയില്‍ തൊഴിലാളികളുടെ മാറ്റം സുഗമമാക്കുന്ന നിയമനിര്‍മ്മാണങ്ങളും തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വിവേചനരഹിതമായ മിനിമം വേതന നിയമവും ഖത്തറിലെ തൊഴില്‍ രംഗത്ത് വിപ്ളവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!