Uncategorized

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ ഗുഡ്‌വില്‍ ഇന്ത്യയോടൊപ്പം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിഗുരുതരമാണെങ്കിലും വ്യക്തമായ ആസൂത്രണമികവോടെ ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധത്തിന് ലോകത്തിന്റെ ഗുഡ്‌വില്‍ ഇന്ത്യയോടൊപ്പമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് അത്യാവശ്യമായ സഹായങ്ങള്‍ നല്‍കുവാന്‍ നാല്‍പതോളം രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. ഇത് സഹായമെന്നതിനപ്പുറം ഇന്ത്യക്കുള്ള ഗുഡ്‌വില്‍ ആയാണ് താന്‍ കാണുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു.

ഇറ്റലിയേയും ഇംഗ്ളണ്ടിനേയും അമേരിക്കയേയും ബ്രസീലിനേയുമൊക്കെ പിടിച്ചുകുലുക്കിയ പോലെ ഇപ്പോള്‍ ഇന്ത്യയേയും കോവിഡ് ഉലക്കുന്നുണ്ട്. എന്നാല്‍ വൈദ്യ പരിചരണം, വാക്സിനേഷന്‍, മുന്‍ കരുതല്‍നടപടികള്‍ എന്നിവയിലൂടെ പ്രതിദിനം 3 ലക്ഷം രോഗമുക്തിയാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ഏറെ ആശ്വാസകരമാണ്.

മെഡിക്കല്‍ ഓക്സിജന്‍ സൗകര്യങ്ങളുടെ ഡിമാന്റ് ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ അത് പരിഹരിക്കുന്നതിന് സ്ട്രാറ്റജി രൂപീകരിച്ചു. പ്രതിദിന ഉല്‍പാദനം 5700 മെട്രിക് ടണില്‍നിന്നും 9000 മെട്രിക് ടണ്‍ ആയി ഉയര്‍ത്തി. ആഗോള പിന്തുണ ലഭ്യമാക്കിയത് പ്രശ്നത്തിന്റെ ഗൗരവാവസ്ഥ കുറച്ചിട്ടുണ്ട്. നാവിക സേനയുടെ പ്രത്യേക കപ്പലുകളിലൂടെയാണ് വലിയ ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഗോള സഹായം കാര്യക്ഷമമായി കൈകാര്യം ചെയ്യുവാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്

1200 മെട്രിക് ടണ്‍ ഓക്സിജന്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഫ്രാന്‍സ് നല്‍കിയ ക്രയോജനിക് ടാങ്കുകളില്‍ 40 മെട്രിക് ടണ്‍ വീതം രണ്ട് കപ്പലുകളില്‍ ഇന്ത്യയിലേക്കയച്ചു കഴിഞ്ഞു. മെയ് 5 ന് പുറപ്പെട്ട കപ്പല്‍ ഇന്ത്യയിലെത്തി. അടുത്ത കപ്പല്‍ ഒന്ന് രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തും. വരും ആഴ്ചകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്തിക്കും.
ബ്രിട്ടീഷ് ഓക്സിജന്‍ കമ്പനി നല്‍കിയ 1350 ഓക്സിജന്‍ സിലിണ്ടറുകളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനം ഇന്ന് പുറപ്പെടും. കൂടുതല്‍ വൈദ്യ സഹായവുമായി രണ്ട് വിമാനങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ പുറപ്പെടുമെന്ന് അംബാസിഡര്‍ പറഞ്ഞു.

ഖത്തരീ അധികൃതര്‍ കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നേരിട്ട് തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചതാണ്. ഖത്തര്‍ എയര്‍വേയ്സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവശ്യ വൈദ്യ സഹായങ്ങള്‍ സൗജന്യമായെത്തിക്കുവാന്‍ രംഗത്തുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ കീഴില്‍ മികച്ച സേവനങ്ങളാണ് ചെയ്യുന്നത്.

കോവിഡ് മരുന്നുകളും വാക്സിനേഷനും ഒരു പോലെ പ്രയോജനപ്പെടുത്തിയാണ് കോവിഡിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നത്. 169439663 ഡോസ് വാക്സിനുകള്‍ ഇതിനകം നല്‍കി കഴിഞ്ഞു. 20 ലക്ഷത്തിലേറെ ഡോസ് വാക്സിനുകളാണ് പ്രതിദിനം നല്‍കുന്നത്.

ടെക്നോളജി പ്രയോജനപ്പെടുത്തി ജനങ്ങളെ ആശ്വസിപ്പിക്കുവാനും ആവശ്യമായ അപ്ഡേറ്റുകള്‍ നല്‍കുവാനും ശ്രദ്ധിക്കുന്നുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ സഹകരണങ്ങളിലൂടെയും ക്രിയാത്മകമായനടപടികളിലൂടേയും ഇന്ത്യ കോവിഡിനെ അതിജീവിക്കുമെന്ന് അംബാസിഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!