ഇനി 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍. വാക്സിനുകളുടെയും ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനുള്ള സാധുത 9 മാസമാക്കും. ഈദിന് ശേഷം 30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഖത്തറില്‍ ഫൈസര്‍-ബയോടെക് കോവിഡ് 19 വാക്‌സിന്‍ നല്‍കുവാന്‍ തീരുമാനം. ഖത്തറില്‍ നല്‍കുന്ന എല്ലാ വാക്സിനുകളുടെയും ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനുള്ള സാധുത മുമ്പ് അംഗീകരിച്ച ആറ് മാസം എന്നത് ഒമ്പത് മാസം വരെ നീട്ടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. തുടക്കത്തില്‍ വാക്‌സിനുകളുടെ സാധുത മൂന്ന് മാസമാണ് കമ്പനികള്‍ അവകാശപ്പെട്ടിരുന്നത്. പിന്നീടത് 6 മാസമാക്കി. പുതിയ പഠനങ്ങളനുസരിച്ച് 9 മാസം വരെ ദീര്‍ഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈദ് അവധിക്കുശേഷം 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ളവരില്‍ വാക്‌സിന്‍ കോവിഡ് -19 കേസുകള്‍ തടയുന്നതില്‍ സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഖത്തറിലെ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്
ഖത്തറിലെ 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌ക്കൂളുകളുടെ കൂടുതല്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കാന്‍ സഹായിക്കും.
മെയ് 16 ഞായറാഴ്ച മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയ വെബ്സൈറ്റ് (www.moph.gov.qa) വഴി വാക്‌സിന്‍ എടുക്കാന്‍ മാതാപിതാക്കള്‍ക്ക് മക്കളെ രജിസ്റ്റര്‍ ചെയ്യാം. അതിനുശേഷം അവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ നിന്നും ബന്ധപ്പെടുന്നതിനനുസരിച്ചാണ് വാക്‌സിനെടുക്കേണ്ടത്..