
ഫലസ്തീന്‍ ജനതക്കുള്ള പിന്തുണക്ക് നന്ദി അറിയിച്ച് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ അമീറിനെ സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഫലസ്തീന്‍ ജനതക്കുള്ള പിന്തുണക്ക് നന്ദി അറിയിച്ച് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്മാഈല്‍ ഹനിയ്യ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹബദ് അല്‍ ഥാനിയെ സന്ദര്‍ശിച്ചു.
ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനും ഗാസയില്‍ സമാധാനവും വെടിനിര്‍ത്തലും നടപ്പാക്കാനും മുന്‍കൈയെടുത്ത ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഡോ. ഹനിയ്യ തന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. ഫലസ്തീന്‍ ജനതയ്ക്കുള്ള ഖത്തറിന്റെ സ്ഥിരമായ പിന്തുണയെ ഫലസ്തീന്‍ ജനത വിലമതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ ന്യായവും നിയമാനുസൃതമായ ദേശീയ അവകാശങ്ങള്‍ നേടുന്നതിനായി സഹോദര ഫലസ്തീന്‍ ജനതയ്ക്കുള്ള ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടാകുമെന്ന് അമീര്‍ ആവര്‍ത്തിച്ചു. അതില്‍ പ്രധാനം 1967 ലെ അതിര്‍ത്തികള്‍ അംഗീകരിച്ച് കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശമാണ്. ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര നിയമസാധുത തീരുമാനങ്ങള്‍, അറബ് സമാധാന സംരംഭം എന്നിവ മാനിച്ച്, മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നാണ് ഖത്തര്‍ നിലപാട്.
കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസും അമീറിനെ വിളിച്ച് നന്ദി അറിയിച്ചിരുന്നു.
ഫലസ്തീനിലെ ഏറ്റവും സംഭവ വികാസങ്ങളും ഗാസ പുനര്‍നിര്‍മാണ പദ്ധതികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.