വാക്സിനേഷന്‍; പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കിയത് സ്വാഗതാര്‍ഹം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പ്രവാസികള്‍ക്കും പഠനാവശ്യാര്‍ത്ഥം വിദേശത്തേക്ക് പോവുന്നവര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും തുടര്‍ നടപടിയായി വളരെ വേഗം ഉണ്ടായ ഉത്തരവും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയ നടപടിയെയും ഖത്തറിലെ നോര്‍ക്കാ ഡയരക്ടര്‍മാരും ലോക സഭാംഗങ്ങളും സ്വാഗതം ചെയ്തു
പല വിദേശ രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് നിലവിലുള്ള ചിലവേറിയ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റയിനില്‍ നിന്ന് ഇളവ് ലഭിക്കുന്നതിന് വാക്സിനേഷന്‍ അനിവാര്യമാണ്. വാക്സിന്‍ ലഭിക്കാത്ത സാഹചര്യം സാധാരണ പ്രവാസികളുടെ തൊഴില്‍ നഷ്ടത്തിനും ഭാരിച്ച സാമ്പത്തിക പ്രയാസങ്ങള്‍ക്കും കാരണമാകും. അതിനാല്‍ പ്രവാസികള്‍ക്ക് രണ്ടു ഡോസ് വാക്സിനുകളും എടുക്കാന്‍ ആവശ്യമായ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മിനിമം കാലാവധിക്കുള്ളില്‍ വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ക്കായി ഖത്തറിലെ നോര്‍ക്കാ ഡയറക്ടര്‍മാരും ലോകസഭാംഗങ്ങളും സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് മലയാളി സാമൂഹ്യ പ്രവര്‍ത്തകനും കേരള ലോകസഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് വാക്സിനുകള്‍ക്കിടയില്‍ നിശ്ചയിച്ച 16 ആഴ്ച വരെയുള്ള ദൈര്‍ഘ്യം വിദേശത്തേക്ക് ജോലി ആവശ്യാത്ഥവും മറ്റും പോവുന്നവരുടെ കാര്യത്തില്‍ കുറക്കാനാവശ്യമായ കാര്യത്തിലും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ശ്രമിച്ചു വരികയാണ്. അന്താരാഷ്ട്ര തലത്തില്‍ പല വാക്സിനുകള്‍ക്കും ആദ്യ ഡോസിന് ശേഷം രണ്ടാമത്തെ ഡോസിന് വ്യത്യസ്ത സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്.