ഹീല്‍ ഇന്ത്യ കാമ്പയിന് പിന്തുണയുമായി ഉരീദു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് രണ്ടാം തരംഗം ദുരന്തം വിതക്കുന്ന ഇന്ത്യയില്‍ അത്യാവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, അടിയന്തിര വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയ സഹായമെത്തിക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടത്തുന്ന ഹീല്‍ ഇന്ത്യ കാമ്പയിന് പിന്തുണയുമായി ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദു രംഗത്ത്.
50 ലക്ഷം രൂപയാണ് ഈ പദ്ധതിയിലേക്കായി ഉരീദു സംഭാവന ചെയ്തത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യയോടൊപ്പമാണെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഉരീദു ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍ഥാനി പറഞ്ഞു.
50 ലക്ഷം രൂപക്കുള്ള ചെക്ക് ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാവും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടും ഐ.സി.ബി.എഫ്. മുന്‍ പ്രസിഡണ്ടുമായ പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ആസിം അബ്ബാസ് എന്നിവര്‍ ഏറ്റുവാങ്ങി .
ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹീല്‍ ഇന്ത്യ കാമ്പയിന് ഈ തുക പ്രയോജനപ്പെടുത്തുമെന്ന് ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പറഞ്ഞു.