പുരസ്‌കാരനിറവില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എട്ടാം വര്‍ഷത്തിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പുരസ്‌കാരനിറവില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എട്ടാം വര്‍ഷത്തിലേക്ക്. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ മികവിനുള്ള ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയാണ് ഖത്തറിന്റെ അഭിമാനമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജൈത്രയാത്ര തുടരുന്നത്. ലോകോത്തര സംവിധാനങ്ങളും സേവനങ്ങളുമായി മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനതാവളമായി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇതിനകം അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. ലോകാടിസ്ഥാനത്തില്‍ മികച്ച വിമാനതാവളങ്ങളുടെ പട്ടികയിലെ മുന്‍പന്തിയിലാണ് ഈ എയര്‍പോര്‍ട്ടിന്റെ സ്ഥാനം.
2022 ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന്റെ പങ്കാളി എന്ന നിലക്ക് കൂടുതല്‍ ആകര്‍ഷകമായ സേവനങ്ങളും സംവിധാനങ്ങളുമൊരുക്കി ലോകത്തെ വരവേല്‍ക്കാനുള്ള ഊര്‍ജിതമായ തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷത്തിലധികം യാത്രക്കാരും 13 ദശലക്ഷം ടണ്‍ ചരക്കുകളുമാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗകര്യപ്രദമായ കണക്ഷനുകളുള്ള മികച്ച ആഗോള യാത്രാ കേന്ദ്രമായി മാറിയ ഈ വിമാനതാവളം വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ പട്ടികയിലെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലെ സൗകര്യപ്രദമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ കൂടുതല്‍ ജനകീയമാക്കി. നിരന്തരമായി തടസ്സമില്ലാത്തതും കാര്യക്ഷമവുമായ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും നൂതന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെയുമാണ് ആഗോള യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍പോര്‍ട്ട് എന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. ഒരു ആഗോള കേന്ദ്രമെന്ന നിലയില്‍ വളരുകയും ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനം എന്ന നിലക്ക് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒന്നിലധികം ഘട്ടങ്ങളായുള്ള വിപുലീകരണത്തിലൂടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയാണ് യാത്രക്കാരുടെ മനം കവരുന്നത്.
ലോകമെമ്പാടും കോവിഡ് മഹാമാരി ഭീതിവിതക്കുകയും പലപ്പോഴും വ്യോമഗതാഗതം താറുമാറാവുകയും ചെയ്തപ്പോള്‍ വെല്ലുവിളികളെ നേരിടാന്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട തയ്യാറായത് നൂതനമായ സുരക്ഷാ മുന്‍കരുതലുകളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയാണ്. വിമാനത്താവളത്തിന്റെ ചടുലവും ഫലപ്രദവുമായ പ്രതികരണം പകര്‍ച്ചവ്യാധിയുടെ കാഠിന്യ സമയത്ത് പോലും അത്യാവശ്യ യാത്രക്കാര്‍ക്ക് നാടണയാന്‍ തുണയാവുകയായിരുന്നു. പ്രവര്‍ത്തന മികവ് കാത്തുസൂക്ഷിക്കുകയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുകയും ചെയ്താണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട കോവിഡിനെ നേരിട്ടത്.
ആഗോളതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളഞ്ഞതും ലോകമെമ്പാടുമുള്ള അതിര്‍ത്തികള്‍ വീണ്ടും തുറന്നതും കാരണം, വിമാന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ സാവധാനത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെ 381 ശതമാനം വര്‍ധനയാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍ 976,292 യാത്രക്കാരാണ് ഖത്തറിന്റെ വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്.
ഇതേ കാലയളവില്‍ വിമാനങ്ങളുടെ ചലനത്തില്‍ 142 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം ഏപ്രിലില്‍ 12,541 വിമാനങ്ങള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങി . 222,339 ടണ്‍ ചരക്കുകളുടെ നീക്കത്തിന് വിമാനത്താവളം സാക്ഷ്യം വഹിച്ചതോടെ ചരക്ക് നീക്കം ഏപ്രിലില്‍ 70% വര്‍ദ്ധനവ് രേഖപ്പെടുത്തി.
2020 ല്‍ എയര്‍ കാനഡ, ബദര്‍ എയര്‍ലൈന്‍സ്, വിസ്താര തുടങ്ങിയ പുതിയ എയര്‍ലൈന്‍ പങ്കാളികളെ സ്വാഗതം ചെയ്തതും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയുടെ ഭാഗമാണ് നിലവില്‍ 33 വിമാനക്കമ്പനികള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 142 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ പറക്കുന്നു.