Uncategorized

മേഖലയുടെ സ്ഥിരത ഉറപ്പുവരുത്താന്‍ ഖത്തര്‍ ആവുന്നതെല്ലാം ചെയ്യും : വിദേശകാര്യ മന്ത്രി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ ഖത്തര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. അല്‍ അറബി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മിഡില്‍ ഈസ്റ്റിലേയും ഗള്‍ഫിലേയും സമാധാന ശ്രമങ്ങളുമായും സ്ഥിരതയുമായും ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചത്.

ഭരണകൂടം പരിഗണിക്കാതെ യുഎസ് സ്ഥാപനങ്ങളുമായുള്ള ഖത്തര്‍ ബന്ധം എല്ലായ്‌പ്പോഴും ക്രിയാത്മകവും ശക്തവും തന്ത്രപരവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ യുഎസ് പ്രസിഡന്റിനും മിഡില്‍-ഈസ്റ്റില്‍ വ്യത്യസ്ത റോളുകളുള്ള നയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവക്കാണ് ഖത്തര്‍ എന്നും മുന്‍ഗണന നല്‍കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളും ഇറാഖിലെ ശ്രമങ്ങളും ഈ നിലപാടിന്റെ ഭാഗമായിരുന്നു. താലിബാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും ഖത്തര്‍ മുന്‍കൈയെടുത്തതിന്റെ ഫലമായാണ് ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ സമാധാന കരാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനുമായി സംഭാഷണം നടത്തുന്നതിന് യുഎസ് നയത്തില്‍ മാറ്റമുണ്ടെന്നത് ആശ്വാസകരമാണ്. ഇറാന്‍ ആണവ പ്രശ്നത്തിനുള്ള പരിഹാരത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു. ഇത് കക്ഷികള്‍ തമ്മിലുള്ള കരാറിലേക്കുള്ള മടങ്ങിവരവാണ്. ഇറാനുമായുള്ള പ്രാദേശിക സുരക്ഷാ കണക്കുകൂട്ടലുകളില്‍ ജിസിസിക്ക് ഒരു പങ്കുണ്ടെന്നാണ് ഖത്തര്‍ മനസിലാക്കുന്നതെന്നും മുന്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് ജിസിസി അംഗങ്ങളും ഇറാനും തമ്മിലുള്ള പ്രാദേശിക സംഭാഷണത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അത്തരമൊരു സംഭാഷണത്തിനായി വിളിച്ചതാണ്. എന്നാല്‍ ജിസിസിയുമായി പങ്കിടാന്‍ ഇറാന് തീര്‍ച്ചയായും ചില ആശങ്കകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതിന് ഖത്തര്‍ ആവുന്നതെല്ലാം നല്‍കാന്‍ സന്നദ്ധമാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കക്ഷികളുമായും രാജ്യം നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യെമന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഭാവിയില്‍ എന്തെങ്കിലും നടപടികളോ ഖത്തറി പങ്കോ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, യെമനില്‍ ഇപ്പോള്‍ യുഎന്‍ സ്ഥാനപതി ഉണ്ടെന്നും ഖത്തറിന്റെ നിലവിലെ പങ്ക് യെമന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അല്‍-ഉല പ്രഖ്യാപനവും അതിന്റെ ഫലങ്ങളും ജി.സി.സി. രാജ്യങ്ങളുടെ ദുഷ്‌കരമായ ഒരു കാലയളവ് അവസാനിപ്പിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലേക്ക് ഖത്തര്‍ ആമിര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സന്ദര്‍ശനം സഹോദര രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ ഊഷ്്മളത സൃഷ്ടിക്കാന്‍ സഹായകമായി.

അല്‍ ഉല ഉച്ചകോടിക്ക് ശേഷം ഖത്തര്‍ ക്രിയാത്മകമായാണ് ഇടപെടുന്നതെന്നും ജിസിസിയെ സംബന്ധിച്ചിടത്തോളം വിശ്വാസം വീണ്ടെടുക്കുന്നതിനും ബന്ധം പുനര്‍നിര്‍മിക്കുന്നതിനും ആവശ്യമായ സാഹോദര്യ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനാണ് ഖത്തര്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റേയും സൗദിയുടേയും നേതൃത്വത്തിന്റെ നല്ല കാഴ്ചപ്പാട് ഇരു രാജ്യങ്ങളും ഈ വ്യത്യാസങ്ങളെ മറികടന്ന് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!