ഡോ. ഹനാദി അല്‍ ഹമദിന് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേര്‍ണല്‍ റിവ്യൂ ഗ്രൂപ്പില്‍ നിയമനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ പ്രായമായവര്‍ക്കുള്ള നാഷണല്‍ ലീഡ് ഡോ. ഹനാദി അല്‍ ഹമദിന് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേര്‍ണല്‍ റിവ്യൂ ഗ്രൂപ്പില്‍ നിയമനം ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകാരോഗ്യ സംഘടനയും ഡോ. ഹനാദിയും സംഘവും തമ്മിലുള്ള വിപുലമായ സഹകരണത്തെ തുടര്‍ന്നാണ് ഈ നിയമനം. കൂടാതെ പ്രായമായവരുടെ പരിചരണവുമായി ബന്ധപ്പെട്ട ആഗോള നയത്തെ സ്വാധീനിക്കാന്‍ ഖത്തറിന് കൂടുതല്‍ അവസരം ലഭിക്കുവാനും ഈ നിയമനം സഹായകമാകുമെന്നാണ് കരുതുന്നത്.
ലോകാരോഗ്യ സംഘടന നല്‍കുന്ന ഉപദേശവും പിന്തുണയും അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ബെസ്റ്റ് പ്രാക്ടീസസില്‍ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കുന്നതിന് ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുവാന്‍ ലോകാരോഗ്യ സംഘടനയെ സഹായിക്കുകയാണ് എക്സ്റ്റേര്‍ണല്‍ റിവ്യൂ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം.
ലോകാരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള ആഗോള ശൃംഖലയിലെ അംഗമെന്ന നിലയിലും ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള അളവുകളും തെളിവുകളും സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണ്‍സോര്‍ഷ്യത്തിലെ അംഗം എന്ന നിലിലും ഡോ. ഹനാദി മുമ്പ് ലോകാരോഗ്യസംഘടനയുടെ വാര്‍ദ്ധക്യവും ആരോഗ്യവും സംബന്ധിച്ച ആഗോള സ്ട്രാറ്റജിയും പ്രവര്‍ത്തന പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ പ്രായമായവരിലെ കോവിഡ് അണുബാധയും പ്രതിരോധ നിയന്ത്രണവും തയ്യാറാക്കുന്നതിനും അവലോകനം ചെയ്യുന്നതിനും അവര്‍ ലോകാരോഗ്യ സംഘടനയെ സഹായിച്ചു.