ഖത്തറില്‍ വേനല്‍ വിശ്രമനിയമം തെറ്റിച്ച 54 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വേനല്‍ വിശ്രമനിയമം തെറ്റിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി. ജൂണ്‍ 1 മുതല്‍ നിലവില്‍ വന്ന വേനല്‍ വിശ്രമനിയമം ലംഘിച്ച കമ്പനികളെയാണ് തൊഴില്‍ മന്ത്രാലയം പിടികൂടിയത്.
ജൂണ്‍ 1 മുതല്‍ സപ്തമ്പര്‍ 15 വരെ രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയുള്ള സമയത്ത് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളടക്കം പുറത്തുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കണമെന്നാണ് നിയമം . തൊഴിലാളികളെ സൂര്യാഘാതത്തില്‍ നിന്നും മറ്റ് ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്.
നിര്‍മാണം, മെയിന്റനന്‍സ്, ഗാര്‍ഡനിംഗ്, ഡെക്കറേഷന്‍ തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങളെയാണ് ജൂണ്‍ 1 മുതല്‍ 3 വരെനടന്ന പരിശോധനകളില്‍ നിയമം ലംഘിച്ചതിന് പിടികൂടിയത്. വകറ, വുകൈര്‍, ഉമ്മ് ബശര്‍, ഖര്‍തിയ്യാത്ത്, ഉമ്മ് കര്‍ണ്‍, ലുസൈല്‍, റൗദ അല്‍ ഹമ്മാദ് , അല്‍ ഖോര്‍, ഉനൈസ, ഉമ്മ് സലാല്‍, ദകീറ, ദോഹ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളാണ് പിടിക്കപ്പെട്ടത് .
പിടിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളേയും നിയമനടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കുവാന്‍ ജാഗ്രത പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി