IM Special

റെജിന്റ് വര്‍ഗീസ്; ഓയില്‍ പെയിന്റിംഗില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറില്‍ ഓയില്‍ പെയിന്റിംഗില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് ബിര്‍ള പബ്ളിക് സ്‌ക്കൂളിലെ ആര്‍ട് അധ്യാപകനായ റെജിന്റ് വര്‍ഗീസ്. സ്‌ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം പെയിന്റിംഗില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തിയാണ് റെജിന്റ് ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത സൈസിലുള്ള സ്പോഞ്ചുകള്‍ ഉപയോഗിച്ച് റെജിന്റ് ചെയ്ത ലൈവ് പെയിന്റിംഗ് ഈ കലാകാരന്റെ ഭാവനാവിലാസവും കലാനിര്‍വഹണത്തിലെ സൂക്ഷ്മതയും ബോധ്യപ്പെടുത്തും.

എന്നും വെല്ലുവിളി നിറഞ്ഞ പരീക്ഷണങ്ങള്‍ നടത്താനാണ് റെജിന്റിന് താല്‍പര്യം. സമയമെടുത്താണ് വര്‍ക് പൂര്‍ത്തിയാക്കുക. ഓരോ വശത്തിന്റേയും സുക്ഷ്മമായ നിരീക്ഷണത്തിലൂടെ ഒറിജിനാലിറ്റി ഉറപ്പുവരുത്തുന്നുവെന്നതാണ് ഈ കലാകാരന്റെ ഏറ്റവും വലിയ സവിശേഷത.

ഛായവും ബ്രഷും മാത്രമല്ല കാല്‍പനിക ഭാവനയും ഈ കലാകാരന്റെ വര്‍ക്കുകളുടെ ചാരുത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. കടലാസുകള്‍ വെട്ടിയൊട്ടിച്ചും അല്‍പം പോലും പെയിന്റോ ബ്രഷോ ഉപയോഗിക്കാതെ റെജിന്റ് പണി തീര്‍ത്ത പല വര്‍ക്കുകളും നമ്മെ അല്‍ഭുതപ്പെടുത്തും. അത്ര പരിപൂര്‍ണതയോടെയാണ് അദ്ദേഹം ഓരോ വര്‍ക്കും പൂര്‍ത്തിയാക്കുന്നത്.

ആപ്പിളില്‍ മഞ്ഞു കണങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്ന ചിത്രവും വെള്ളം തെറിപ്പിച്ചു കാളകള്‍ ഓടുന്ന ചിത്രവുമൊക്കെ ഏറെ സുന്ദരമായാണ് റെജിന്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പൂര്‍ണതയില്‍ ശ്രദ്ധിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ വരച്ചുവെക്കുമ്പോള്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ രൂപപ്പെടുകയാണ് .

സാധാരണ ചിത്രങ്ങള്‍ ആരും വരക്കും. എളുപ്പം വരക്കാവുന്ന ചിത്രങ്ങളാണ് അധികമാളുകളും വരക്കാന്‍ ഇഷ്ടപ്പെടുക. എന്നാല്‍ വെറൈറ്റി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന റെജിന്റ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ വര്‍ക്കുകള്‍ ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. റിയലിസവും ഹൈപ്പര്‍ റിയലിസവും ഏറെ ഇഷ്ടപ്പെടുന്ന റെജിന്റ് ഒഴിവ് സമയങ്ങളില്‍ കലാനിര്‍വഹണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ നടത്തിയാണ് പ്രവാസ ജീവിതം ധന്യമാക്കുന്നത്. നൈഫ് പെയിന്റിംഗ്, ചാര്‍ക്കോള്‍ പെന്‍സില്‍ വര്‍ക്കുകള്‍ എന്നിവയും അദ്ദേഹത്തിന്റെ പരീക്ഷണ മേഖലയില്‍പ്പെടും.

നിഴലും വെളിച്ചവുമുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ട മേഖല. കൊളാഷിലും സ്വന്തമായ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച കലാകാരനാണ് റെജിന്റ്. 97 മാഗസിനുകളുപയോഗിച്ച് റെജിന്റ് തീര്‍ത്ത ഫോട്ടോ കൊളാഷ് മനോഹരമായൊരു കലാസൃഷ്ടിയാണ്.

പോര്‍ട്രെയിറ്റാണ് റെജിന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു പ്രധാന മേഖല. ആവശ്യമനുസരിച്ച് നിരവധി പോര്‍ട്രെയിറ്റുകള്‍ വരച്ചിട്ടുണ്ട്. ഈയിടെ വരച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പോര്‍ട്രെയിറ്റ് അദ്ദേഹത്തിന്റെ കരവിരുതും പ്രൊഫഷണലിസവും തെളിയിക്കുന്നതാണ് .

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് വെട്ടിമുകള്‍ സ്വദേശിയായ വര്‍ഗീസിന്റേയും മേരിയുടേയും ഇളയമകനാണ് റെജിന്റ്. വരയിലും നാടകത്തിലുമൊക്കെ സജീവമായിരുന്നു അച്ഛന്‍. അമ്മയും നാടകവുമായി ബന്ധപ്പെട്ടിരുന്നു. വരയുടെ ബാലപാഠങ്ങളൊക്കെ അഭ്യസിച്ച് തുടങ്ങിയത് അച്ഛനില്‍ നിന്നാണ്. സ്‌ക്കൂള്‍ തലത്തില്‍ പല മല്‍സരങ്ങളിലും സമ്മാനം നേടിയിരുന്നു. പ്ലസ് ടുവിന് ശേഷം ശേഷം പാലയിലെ കൈരളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ഡിപ്ളോമക്ക് ചേര്‍ന്നപ്പോള്‍ അവിടുത്തെ പ്രധാനാധ്യാപകനായിരുന്ന പ്രഭ സാറാണ് റെജിന്റിലെ ശരിയായ കലാകാരനെ കണ്ടെത്തിയത്. പോര്‍ട്രെയിറ്റിലും മറ്റു ചിത്രങ്ങള്‍ മനോഹരമാക്കുന്നതിലുമൊക്കെ പരിശീലനം നല്‍കുകയും നിരവധി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തത് വളരാന്‍ സഹായകമായി. അദ്ദേഹത്തിന്റെ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശങ്ങളും എന്നും വിലമതിക്കുന്നതാണെന്ന് റെജിന്റ് നന്ദിപൂര്‍വം ഓര്‍ക്കുന്നു.

പിന്നീടാണ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് പൂര്‍ത്തിയാക്കുന്നത്. 9 വര്‍ഷത്തോളം നാട്ടില്‍ ആര്‍ട് ടീച്ചറായി ജോലി ചെയ്ത ശേഷമാണ് ഖത്തറിലെ ബിര്‍ള പബ്ളിക് സ്‌ക്കൂലില്‍ ചേര്‍ന്നത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ബിര്‍ള പബ്ളിക് സ്‌ക്കൂളില്‍ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി തുടരുകയാണ്.

സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. ശര്‍മ, വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് പിള്ള, ബിര്‍ള പബ്ളിക് സ്‌ക്കൂള്‍ മാനേജ്മെന്റ് എന്നിവരുടെ പ്രോല്‍സാഹനവും പിന്തുണയുമാണ് ഖത്തറിലെ തന്റെ കലാപ്രവര്‍ത്തനങ്ങളുടെ ചാലക ശക്തി. നേരത്തെ റേഡിയോ നാടകങ്ങളടക്കം പല നാടകങ്ങളിലും റെജിന്റ് സജീവമായിരുന്നു.
ജൂബിയാണ് ഭാര്യ. ഏബല്‍, എയ്ഡന്‍ എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!