ലോക രക്തദാന ദിനം, രക്തദാനത്തിന് ആഹ്വാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലോക രക്തദാന ദിനത്തിന്റെ ഭാഗമായി സ്വദേശികളേയും വിദേശികളേയും, രക്തദാനത്തിന് ആഹ്വാനം ചെയ്ത് ഹമദ്് മെഡിക്കല്‍ കോര്‍പ്പറേഷന്‍. രക്തദാനം ജീവദാനമാണെന്നും ഈ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും എച്ച്എംസിയുടെ ലബോറട്ടറി മെഡിസിന്‍, പാത്തോളജി വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. ഇനാസ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഹമദ്് മെഡിക്കല്‍ കോര്‍പ്പറേഷനും ഖത്തര്‍ ബ്ലഡ് സര്‍വീസസും സമൂഹത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാതാക്കളുടെ കേന്ദ്രം ഉള്‍പ്പെടെ ജൂണ്‍ 13 മുതല്‍ 16 വരെ എല്ലാ രാത്രിയും ചെഞ്ചായമണിയും. ജൂണ്‍ 18 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രണ്ടു മൊബൈല്‍ രക്തദാന യൂണിറ്റ് ലുലു അല്‍ ഖോര്‍ മാളിന് മുന്നില്‍ രക്തദാനത്തിന് തയ്യാറായി നില്‍ക്കും.
സ്ഥിരമായി രക്തം ദാനം ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസ് നന്ദി അറിയിക്കുകയും രക്തദാതാക്കളാകുന്നത് പരിഗണിക്കാന്‍ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളേയും ക്ഷണിക്കുകയും ചെയ്യുന്നതായി ഡോ. കുവാരി പറഞ്ഞു.
ഓരോ വര്‍ഷവും ജൂണ്‍ 14 നാണ് ലോക രക്തദാന ദിനം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്. രക്തപ്പകര്‍ച്ചയ്ക്ക് സുരക്ഷിതമായ രക്തവും രക്ത ഉല്‍പന്നങ്ങളും ലഭ്യമാക്കുവാന്‍ സന്നദ്ധസേവകരെ വളര്‍ത്തിയെടുക്കുകയും ആഗോള തലത്തില്‍ അവബോധം വളര്‍ത്തുകയാണ് ഈ ദിനം ലക്ഷ്യമാക്കുന്നത്.