
ഖത്തറില്‍ ബോളിവുഡ് സംഗീതോത്സവം നവംബര്‍ 4 ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ബോളിവുഡ് സംഗീതോത്സവം നവംബര്‍ 4 ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. സംഗീതലോകത്തെ അതികായരായ റാഹത്ത് ഫത്തേ അലി ഖാന്‍, സുനിധി ചൗഹാന്‍, സലിം സുലൈമാന്‍, പെര്‍ഫെക്റ്റ് അമാല്‍ഗമേഷന്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്ക് ഫിഫ 2022 ലോകകപ്പ് കലാശക്കൊട്ട് വേദിയായ ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകുന്നേരം 7 മണിക്കാണ് സംഗീതോത്സവം ആരംഭിക്കുക. ഗേറ്റുകള്‍ 4 മണിക്ക് തന്നെ തുറക്കും. ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ സമയത്ത്, സ്റ്റേഡിയം ആക്‌സസ് ചെയ്ത ശേഷം പുറത്തു പോയാല്‍ വീണ്ടും പ്രവേശനം ഉണ്ടാകില്ല.
ബോളിവുഡ് സംഗീതോത്സവം ടിക്കറ്റ് വില്‍പന ഇന്ന് ദോഹ സമയം 12:00 മണിക്ക് ആരംഭിച്ചു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് വില്‍ക്കുന്നത്.
സ്റ്റേഡിയത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ ഫിസിക്കല്‍ സെയില്‍സ് ഉണ്ടാവില്ലെന്നും ടിക്കറ്റുകള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും സംഘാടകര്‍ വ്യക്തമാക്കി. ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റുതീരാന്‍ സാധ്യതയുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കണമെന്ന് സംഘാടകര്‍ ഓര്‍മിപ്പിച്ചു. ഈ ഇവന്റിനുള്ള എല്ലാ ടിക്കറ്റുകളും ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായിരിക്കും.
ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മാച്ച് ടിക്കറ്റുമായി ബന്ധപ്പെട്ട് നല്‍കിയ സാധുവായ ഹയ്യ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 മാച്ച് ടിക്കറ്റിന് (ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിനുള്ള സാധുവായ ടിക്കറ്റിനൊപ്പം) ഇഷ്യൂ ചെയ്ത സാധുവായ ഹയ്യ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് ഇവന്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും. മറ്റ് പരിപാടികള്‍ക്കായി നല്‍കുന്ന ഹയ്യ കാര്‍ഡുകള്‍ സ്വീകരിക്കുന്നതല്ല.