പരിസ്ഥിതി പൈതൃക സമ്പത്ത് സംരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യവുമായി ഖത്തര്‍ ദേശീയ ദിനാഘോഷ സമിതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ പരിസ്ഥിതി പൈതൃക സമ്പത്ത് സംരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യവുമായി ഖത്തര്‍ ദേശീയ ദിനാഘോഷ സമിതി . പൂര്‍വികരുടെ പുല്‍മേടുകള്‍ സംരക്ഷിക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ് എന്നര്‍ഥം വരുന്ന മറാബിഉല്‍ അജ്ദാദ് അമാന ( ‘ANCESTRAL MEADOWS: A MATTER OF TRUST) എന്നതായിരിക്കും 2021 ലെ ഖത്തര്‍ ദേശീയ ദിനത്തിന്റെ മുദ്രാവാക്യമെന്ന് സംഘാടക സമിതി പ്രഖ്യാപിച്ചു.
ദേശീയ ദിനാഘോഷ ചിന്തകളും വികാരവും ഒരു ദിവസത്തില്‍ പരിമിതമാവാതെ സമൂഹത്തില്‍ സജീവമാക്കുന്നതിന് വേണ്ടിയാണ് 6 മാസം മുമ്പ് തന്നെ മുദ്രാവാക്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം.
ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനിയുടെ കവിതയിലെ ചില വരികളെ അടിസ്ഥാനമാക്കിയുള്ളതാണ്
പുതിയ മുദ്രാവാക്യം. ഖത്തരി സമൂഹവും അവരുടെ പരിസ്ഥിതിയുമായുള്ള ശക്തമായ ബന്ധം പ്രതിനിധീകരിക്കുന്ന വിശാലമായ മാനങ്ങളുള്ള മുദ്രാവാക്യമാണിത്.
കരയും കടലും അനുഗ്രഹിച്ച പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാണ് സാംസ്‌കാരിക നവോത്ഥാനത്തതിന്റെ പാതയില്‍ ഖത്തര്‍ വളര്‍ന്നുവന്നത്. കടലില്‍ നിന്നും മുത്തുവാരിയും മല്‍സ്യ ബന്ധനം നടത്തിയും കടല്‍ യാത്രകളിലൂടെ മറ്റുള്ളവരുമായി ഊഷ്മളബന്ധം സ്ഥാപിച്ചുമൊക്കെ പിന്നിട്ട വഴികള്‍ മറക്കാതെ പരിസ്ഥിയും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ടാണ് പുരോഗതിയിലേക്കുള്ള പ്രയാണം അടയാളപ്പെടുത്തേണ്ടതെന്ന് മുദ്രാവാക്യം ഉദ്‌ബോധിപ്പിക്കുന്നു.
പ്രകൃതിയുടെ ലാളിത്യവും ശുദ്ധതയും പ്രതിനിധീകരിക്കുന്ന ഖത്തരീ ജനതയുടെ മാന്യതയും അന്തസും പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിലാണ്. കടലില്‍ നിന്നും കരയില്‍ നിന്നും ഉപജീവനം തേടിയിരുന്ന പാരമ്പര്യങ്ങള്‍ വിസ്മരിക്കാതെയാണ് സമൂഹം വളരേണ്ടത്. ഈ അമൂല്യമമായ പാരമ്പര്യ പൈതൃകങ്ങള്‍ സംരക്ഷിക്കുകയും വരും തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും മുദ്രാവാക്യം ഓര്‍മപ്പെടുത്തുന്നു.
പരിസ്ഥിതിയില്‍ നിരവധി വെല്ലുവിളികളെ നേരിട്ടാണ് ഖത്തരീ സമൂഹം ജീവിച്ചത്. പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധവും അവരുടെ ജീവിതത്തില്‍ പ്രകൃതിയുടെ പ്രാധാന്യവും അടയാളപ്പെടുത്തുന്നതാണ് മിക്ക ഖത്തരീ കവിതകളും സാഹിത്യവും. അതുകൊണ്ട് തന്നെ ഓരോ സ്വദേശിയും അവന്റെ മണ്ണുമായും പ്രകൃതിയുമായും ഊഷ്മളമായ ബന്ധമാണ് സൂക്ഷിക്കുന്നത്.
വിശ്വസ്തത, ഐക്യദാര്‍ഡ്യം, ഐക്യം, ദേശീയ അഭിമാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന ദേശീയ ദിനാഘോഷ സംഘാടക സമിതി ദൗത്യത്തിന്റെ ഭാഗമായാണ് 2021 ദേശീയ ദിന മുദ്രാവാക്യം വിലയിരുത്തപ്പെടുന്നത്. പങ്കാളിത്തം, പ്രചോദനം, സര്‍ഗ്ഗാത്മകത, സുതാര്യത എന്നീ മൂല്യങ്ങള്‍ക്കാണ് മുദ്രാവാക്യം പ്രാധാന്യം നല്‍കുന്നത്.
ഖത്തറികളും അവരുടെ പരിസ്ഥിതിയും തമ്മിലുള്ള ആഴത്തിലുള്ള പ്രണയമാണ് ഈ മുദ്രാവാക്യത്തിന്റെ കാതലെന്ന് ദേശീയ ദിനാഘോഷ സംഘാടക സമിതിയുടെ ചെയര്‍മാനും സാംസ്‌കാരിക, കായിക മന്ത്രിയുമായ സലാ ബിന്‍ ഗാനം അല്‍ അലി അഭിപ്രായപ്പെട്ടു. പരിസ്ഥിതി പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരായാണ് ജീവിതം ധന്യമാക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഖത്തര്‍ ജാഗ്രതയോടെയാണ് ഇടപെടുന്നതെന്നും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ല്‍ പരിസ്ഥിതി സംരക്ഷണതത്തിന് വമ്പിച്ച പ്രാധാന്യമാണ് കല്‍പിച്ചിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബായ് പറഞ്ഞു.