ഖത്തറില്‍ ഇന്നുമുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് ഖത്തര്‍ അതിവേഗം സാധാരണ നിലയിലേക്ക് കുതിക്കുകയാണ്. കോവിഡിനെ നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മിറ്റിയുടെ ശുപാര്ശയനുസരിച്ച നിയന്ത്രണങ്ങളിലെ രണ്ടാം ഘട്ട ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍വരും
ഇളവുകള്‍ സുരക്ഷ മുന്‍കരുതലുകള്‍ അവഗണിക്കാനുളള ലൈസന്‍സല്ലെന്നും കോവിഡിനെ രാജ്യത്തുനിന്നും പൂര്‍ണമായും തുരത്തുന്നതുവരെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സമൂഹം ഉത്തരവാദിത്തബോധത്തോടെ പെരുമാറണം.
പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിച്ചും സുരക്ഷിതമായ സാമൂഹിക അകലം പാലിച്ചും കോവിഡിനെ പ്രതിരോധിക്കാം. ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും വാക്സിനെടുത്തതോടെ രാജ്യം കോവിഡിനെതിരെയുള്ള സാമൂഹ്യ പ്രതിരോധ ശേഷി നേടിവരികയാണ് .ഗവണ്മെന്റും ആരോഗ്യപ്രവര്‍ത്തകരും പൊതുസമൂഹവും സഹകരിച്ച് മുന്നേറിയതാണ് ഈ അവസ്ഥയിലെത്തിച്ചത്. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാകൂ