Uncategorized

എക്സ്പ്ലോര്‍ -ചേന്ദമംഗല്ലൂര്‍ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വിദേശ രാജ്യങ്ങളിലുള്ള ചേന്ദമംഗല്ലൂര്‍ ദേശത്തെ ആയിരത്തിലധികം പ്രവാസികളെയും എട്ട് പ്രവാസി സംഘടനകളെയും ഏകോപിപ്പിച്ച് രൂപീകരിച്ച എക്സ്പ്ലോര്‍ (XPLR) എന്ന പ്രവാസി ക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
വെള്ളിയാഴ്ച വൈകുനേരം സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വയനാട് എം.പി രാഹുല്‍ ഗാന്ധി, നോര്‍ക്ക റൂട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ എഴുതി അയച്ച ആശംസ സന്ദേശങ്ങള്‍ വായിച്ചായിരുന്നു തുടക്കം.

നവ കേരള നിര്‍മ്മാണത്തില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വലുതാണെന്നും നാടുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാനും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകാനും എക്‌സ്‌പ്ലോര്‍ സമിതിക്ക് സാധ്യമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

എക്‌സ്‌പ്ലോര്‍ സമിതിയുടെ പിറവി ഉചിതമായ സമയത്താണെന്നും ലോകം ഗ്രസിച്ച മഹാമാരി കാരണം പ്രവാസികള്‍ അതീവ ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്ത് ഏകോപിച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തില്‍ പറഞ്ഞു.

പ്രസിദ്ധ മാന്ത്രികനും മോട്ടിവേറ്ററുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആയിരുന്നു. സുഖവും ദുഃഖവും ഒരുപോലെ മനുഷ്യരുടെ കൂടെ സഞ്ചരിക്കുന്നവരാണെന്നും ഏതു മഹാമാരിയിലും പ്രതീക്ഷ കൈവിടരുതെന്നും മുതുകാട് ഓര്‍മ്മിപ്പിച്ചു.

തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്, മുക്കം നഗരസഭാ ചെയര്‍മാന്‍ പി.ടി ബാബു, ചേന്ദമംഗല്ലൂരില്‍ നിന്നുള്ള ആദ്യ പ്രവാസിയും ദയാപുരം സ്ഥാപനങ്ങളുടെ സ്ഥാപകനുമായ സി.ടി അബ്ദുറഹീം, ആദ്യ കാല പ്രവാസിയും മാധ്യമം ചീഫ് എഡിറ്ററുമായ ഒ.അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എക്‌സ്‌പ്ലോര്‍ സമിതി ചീഫ് കോഓര്‍ഡിനേറ്റര്‍ യൂനുസ് പി.ടി സമിതിയുടെ രൂപീകരണ പശ്ചാത്തലവും ലക്ഷ്യവും, ഘടനയും വിശദീകരിച്ചു. അംഗ സംഘടനകളായ ഖിയ (ഖത്തര്‍), സിയ (യു.എ.ഇ.), റീച്ച് ( സൗദി- മധ്യ മേഖല), വെസ്പ (സൗദി-പടിഞ്ഞാറന്‍ മേഖല), സെപ്ക്ക (സൗദി – കിഴക്കന്‍ മേഖല) ബി.സി.എ.(ബഹ്‌റൈന്‍), ഒമാന്‍ സി.എം.ആര്‍, സി.എം.ആര്‍. കുവൈറ്റ് എന്നീ സംഘടനകളുടെ പ്രസിഡണ്ട്മാരും എക്‌സ്‌പ്ലോര്‍ സാമ്പത്തിക സ്വാശ്രയ ഉപ സമിതി അധ്യക്ഷന്‍ ഇ.പി. അബ്ദുറഹിമാനും (ഖത്തര്‍) സംസാരിച്ചു.

ഫ്രാന്‍സ്, യു.കെ, ഇറ്റലി, ഓസ്ട്രേലിയ, നേപ്പാള്‍, അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചേന്ദമംഗല്ലൂര്‍ പ്രവാസികളും സ്നേഹാശംസകള്‍ അറിയിച്ചു.
എക്സ്പ്ലോര്‍ സമിതിയുടെ ലോഗോ രൂപകല്‍പന മത്സരത്തിലെ വിജയികളെ ദീര്‍ഘകാല പ്രവാസിയായ നജീബ് കാസിം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രശസ്ത പ്രവാസ ചിത്രകാരന്‍ ബാസിത് ഖാന്‍ രൂപകല്‍പന ചെയ്ത ഒന്നാം സ്ഥാനം നേടിയ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.

ടി.ടി മുഷ്താഖ്,ടി. സാലിഹ്, ലബീബ് എന്നിവര്‍ നിയന്ത്രിച്ച പരിപാടിയില്‍ കൗണ്‍സില്‍ അംഗം സാജിദ് അലി സ്വാഗതവും എക്‌സ്‌പ്ലോര്‍ അസിസ്റ്റന്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ സി.ടി.അജ്മല്‍ ഹാദി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!