ജൂണ്‍ 19 വായന ദിനം; വായനയുടെ ആനന്ദം അനുഭവിക്കുക
ഡോ. അമാനുല്ല വടക്കാങ്ങര
ഇന്ന് ജൂണ്‍ പത്തൊമ്പത്, മലയാളികള്‍ക്ക് ഇന്ന് വായനാ ദിനം. വായനയുടെ പ്രാധാന്യം ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള സമൂഹമാണ് നമ്മുടേത്. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനം ആണ് ജൂണ്‍ പത്തൊമ്പത്. വായനയേയും പുസ്തകങ്ങളേയും ഗ്രന്ഥശാലകളേയും ജീവിതത്തിന്റെ ഭാഗമാക്കിയ മഹാനായിരുന്നു പി.എന്‍. പണിക്കര്‍. നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണ ജനങ്ങളെ അറിവിന്റെ ലോകത്തെക്ക് കൈ പിടിച്ചു ഉയര്‍ത്തുകയും അദ്ദേഹത്തിനു ജീവിത വ്രതമായിരുന്നു. അതിനു പണിക്കര്‍ സഹിച്ച യാതനകള്‍കള്‍ക്ക് കണക്കില്ല. ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം പണിതുയര്‍ത്തിയത്. അത് ഇന്നത്തെ മഹാ പ്രസ്ഥാനമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന നിലയിലേക്ക് വളര്‍ന്നു പന്തലിച്ചിട്ടുണ്ട്. അതിനു അദ്ദേഹത്തിനു മലയാളികള്‍ നല്‍കുന്ന ആദരമാണ് ജൂണ്‍ പത്തൊമ്പതിന് വായനാദിനമായി ആചരിക്കുന്നത്തിലൂടെ ചെയ്യുന്നത്.
മനുഷ്യന്റെ ഏറ്റവും സാര്‍ഥകമായ സര്‍ഗ പ്രവര്‍ത്തനമാണ് വായന. അറിവിന്റേയും ആശയങ്ങളുടേയും വിശാല ഭൂമികയിലൂടെ സഞ്ചരിച്ച് ഭാവനയുടേയും ആസ്വാദനത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് നമ്മെ നയിക്കുകയും നന്മയുടേയും സുകൃതത്തിന്റേയും വാതായനങ്ങള്‍ തുറക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനം. വായനയുടെ ആനന്ദം അനുഭവിക്കുമ്പോള്‍ മനുഷ്യന്‍ സാംസ്‌കാരികമായും വൈകാരികമായും ഉയര്‍ന്ന വിതാനങ്ങളിലാണ് അഭിരമിക്കുക.
ശാരീരികാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും പോലെ മാനസികാരോഗ്യത്തിനും ചിന്തയുടെ വികാസത്തിനുമുള്ള ഇന്ധനമാണ് വായന. ഭക്ഷണവും ഭാഷണവും മെച്ചപ്പെടുമ്പോഴാണ് മനുഷ്യന്‍ സംസ്‌കാര സമ്പന്നനാകുന്നത്. നൂതനങ്ങളായ അറിവുകളും ആശയങ്ങളുമാണ് ലോകത്ത് ചിന്താവിപ്ളവത്തിന് കാരണമായത്. കേവലം ജ്ഞാന വിജ്ഞാനങ്ങളുടെ ആദാനപ്രദാനങ്ങള്‍ക്കപ്പുറം ആശയങ്ങളുടേയും കാല്‍പനികതുടേയും വിശാലമായ ലോകമാണ് വായനയിലൂടെ നമുക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്. മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചാചരിത്രത്തിന്റെ വളര്‍ച്ചാവികാസം തുറന്ന വായനയുടെ സാമൂഹിക പരിസരത്താണ് വളര്‍ന്ന് പരിലസിച്ചത്.
വിവരസമ്പാദനം വിരല്‍തുമ്പില്‍ ലഭിക്കുന്ന സമകാലിക ലോകത്തും വായനയുടെ പ്രാധാന്യം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. കാരണം വായനയുടെ ലക്ഷ്യം കേവലം വിവര ശേഖരണം മാത്രമല്ല. അറിവിനും തിരിച്ചറിവിനുമപ്പുറം ആസ്വാദനത്തിന്റേയും ആവിഷ്‌ക്കാരത്തിന്റേയും വിശാലമായ കാന്‍വാസുകളാണ് വായന സാക്ഷാല്‍ക്കരിക്കുന്നത്.
വായന രചിക്കുന്ന ഭാവനയുടെ സാമ്രാജ്യം നിസ്തുലവും മനോഹരവുമാണ്. ഭരണകൂടങ്ങളെ പിടിച്ചുകുലുക്കാനും ചരിത്രം തന്നെ മാറ്റിയെഴുതുവാനും ശക്തമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും സാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ടാണ് അക്ഷരം അഗ്‌നിയാണ്, ആയുധമാണ് എന്നൊക്കെ പറയുന്നത്. ഏകാധിപതികളൊക്കെ അക്ഷരങ്ങളെ ഭയപ്പെട്ടിരുന്നതും അതുകൊണ്ടാണ്. വാനയും അക്ഷരങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ, ലോകത്തിന്റെ സമാധാനപരമായ സഹവര്‍തിത്വത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് വായനാദിനത്തില്‍ ശ്രദ്ധേയമാകുന്ന ഏറ്റവും വലിയ ചിന്ത.
വായന വ്യത്യസ്ത സ്വഭാവത്തിലാണ്. ഒറ്റ വായന, ആവര്‍ത്തിച്ചുള്ള വായന, ഗാഡമായ വായന ഇങ്ങനെ പലരൂപത്തില്‍ വായനയെ തരം തിരിക്കാം. ഓരോ വായനക്കും അതിന്റേതായ സ്വഭാവ സവിശേഷതകളും ഗുണങ്ങളുമാണുള്ളത്. മനുഷ്യന്‍ അനിവാര്യമായും ഉള്‍കൊള്ളേണ്ട സ്വഭാവമാണ് വായന.
വായനയുടെ സര്‍ഗ സഞ്ചാരം മനുഷ്യന്റെ ചിന്തയേയും വികാരത്തേയും മാത്രമല്ല ബുദ്ധിയേയും തീരുമാനങ്ങളേയും വരെ സ്വാധീനിക്കും. വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ അനശ്വര വരികള്‍ വായനയുടെ സാംസ്‌കാരിക ദൗത്യമാണ് അടയാളപ്പെടുത്തുന്നത്.
വിശാലമായ വിഹായസ്സിലേക്ക്, മനോഹരങ്ങളായ മഴവില്ലുകള്‍ തീര്‍ക്കുന്ന വര്‍ണവൈവിധ്യങ്ങളുടെ ദൃശ്യ സൗന്ദര്യത്തിലേക്ക്, കൂറ്റന്‍ തിരമാലകളോടൊപ്പം നൃത്തം വെച്ച് ആര്‍ത്തലറുന്ന സമുദ്രത്തിലേക്ക്, മഞ്ഞുമലകളും കാടുകളും സൃഷ്ടിക്കുന്ന വശ്യ സുന്ദരമായ പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക്, ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ തെരുവീഥികളിലേക്ക്. അങ്ങനെ അക്ഷരാര്‍ഥത്തില്‍ അതിരുകളില്ലാത്ത ലോകത്തിന്റെ വിശാലതയിലേക്കുള്ള കവാടങ്ങളാണ് പുസ്തകങ്ങളും വായനയും നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മെ കൊണ്ടുപോകുവാന്‍ കഴിവുള്ള കൂട്ടുകാരാണ് പുസ്തകങ്ങള്‍. അടുക്കിവെച്ചിരിക്കുന്ന ഭാവനയുടെ ചിറകുകള്‍ അവ നമുക്കായി തുറന്നുതരും. ആ ചിറകിലേറി പറന്നവരാരും പിന്നീട് പറക്കല്‍ നിര്‍ത്തിയിട്ടില്ല. കാരണം, അതൊരു വല്ലാത്ത അനുഭൂതിയാണ്. ആ അനുഭൂതിയും ആനന്ദവും ആസ്വദിക്രുന്നതും സുപ്രധാനമായൊരു സാംസ്‌കാരിക പ്രവര്‍ത്തനം തന്നെ.