വികസന സ്വപ്‌നങ്ങളുമായി ഖത്തറിന്റെ കുതിപ്പ് തുടരുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ മുഴുവന്‍ സ്വദേശികളേയും വിദേശികളേയും പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ വികസന സ്വപ്‌നങ്ങളുമായി ഖത്തറിന്റെ വികസന കുതിപ്പ് തുടരുകയാണെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ഖത്തറിലെ പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നയനിലപാടുകളും വികസന പദ്ധതികളും പങ്കുവെച്ചത്.
രാജ്യപുരോഗതിയില്‍ പൗരന്മാരുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സുതാര്യവും ക്രിയാത്മകവുമായ രീതിയില്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നിലപാട് ഖത്തരീ സാംസ്‌കാരിക പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. നീതിയുക്തമായ രീതിയില്‍ തങ്ങള്‍ക്കനുയോജ്യരായവരെ ശൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കുവാന്‍ പൗരന്മാര്‍ക്ക അവസരം നല്‍കുന്ന ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജനാധിപത്യ രംഗത്തെ രാജ്യത്തിന്റ ഉറച്ച നിലപാടുകള്‍ അടയാളപ്പെടുത്തുന്നതാണ് . ഒക്ടോബറിലാണ് ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുക.
കോവിഡിനെ നേരിടുന്നതിലെ ഖത്തര്‍ മാതൃക ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്് . ഒരു ഘട്ടത്തിലും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോകാതെ ജനങ്ങളുടെ സഹകരണത്തോടെ കോവിഡിനെ നിയന്ത്രിക്കുവാനാണ് ഖത്തര്‍ ശ്രമിച്ചത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണമുള്ള രാജ്യങ്ങളുടെ മുന്‍പന്തിയിലാണ് ഖത്തര്‍. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച വാക്‌സിനുകളായ ഫൈസറും മൊഡേണയുമാണ് ഖത്തര്‍ ലഭ്യമാക്കിയത്. ഈ ആഴ്ചയോടെ ഖത്തറിലെ 72 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിക്കും.
ഫിഫ 2022 ലോക കപ്പിനുള്ള തയ്യയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ് . കലാശപ്പോരാട്ടത്തിന് വേദിയാകുന്ന ഫിഫ 2022 മല്‍സരങ്ങളുടെ ഏറ്റവുംം വലിയ വേദിയായ ലുസൈല്‍ സ്്‌റ്റേഡിയത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. 2021 ഡിസംബര്‍ 1 ന് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
തൊഴില്‍ രംഗത്ത് വമ്പിച്ച പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ നടപ്പാക്കി വരുന്നത്. കഫാല സിസ്റ്റം മാറ്റിയതും എക്‌സിറ്റ്് പെര്‍മിറ്റ് സമ്പ്രദായം എടുത്ത് കളഞ്ഞതിനും പുറമേ മിനിമം വേതനം ഏര്‍പ്പെടുത്തി രാജ്യത്തെ വിദേശി തൊഴിലാളികളുടെ ക്ഷേമമുറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് ഖത്തര്‍ സ്വീകരിച്ചത്.
വിദ്യാഭ്യാസ രംഗത്ത് നൂതനമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്. കാലികമായ പാഠ്യ പദ്ധതിയും കോഴ്‌സുകളും ലഭ്യമാക്കി മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്നു.
ഭരണരംഗത്ത് ശക്തവും സുതാര്യവുമായ നടപടികളാണ് രാജ്യത്തിന്റെ പ്രത്യേകത. ഇലക്ട്രോണിക് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തെ മുഴുവനാളുകളേയും വികസനത്തിന്റെ ഗുണഭോക്താക്കളാക്കുന്ന രീതിയാണ് പിന്തുടരുന്നത്.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ആരും നിയയമത്തിനതീതരല്ലെന്ന മാതൃകാപരമായ കാഴ്ചപ്പാടിന്റെ പ്രായോഗിക രീതിയാണ് രാജ്യം പിന്തുടരുന്നത്.
പെന്‍ഷന്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അതുപോലെ തന്നെ കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ കൂടി പരിഗണിച്ച് വനിത ജീവനക്കാര്‍ക്ക് പാര്‍ട്ട് ടൈം ജോലി സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും പഠിച്ചുവരികയാണ്.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് 2022 ഫിഫ ലോക കപ്പ് കാണുവാന്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ അവസരരമുണ്ടാവുകുള്ളൂ . വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ ഉദ്ദേശിച്ച് പത്ത് ലക്ഷം ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും ആലോചചിച്ചുവരുന്നതായയി പ്രധാന മന്ത്രി പറഞ്ഞു.
ഖത്തര്‍ അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ദീര്‍ഘവീക്ഷത്തോടും തന്റേടത്തോടുമുളള നയനിലപാടുകള്‍ രാജ്യത്തെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് നയിക്കുകയാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.