സുരക്ഷാ ചെക്ക് പോയിന്റില്‍ നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യയുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ സ്മിത്ത് ഡിറ്റക്ഷനുമായി സഹകരിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്ഐഎ) അതിന്റെ സുരക്ഷാ ചെക്ക് പോയിന്റില്‍ നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചു. എച്ച്‌ഐഎയുടെ ട്രാന്‍സ്ഫര്‍ ഹാളില്‍ സ്ഥാപിച്ച പുതിയ സ്‌ക്രീനിംഗ് പാത, എച്ച്‌ഐഎയുടെ സ്മാര്‍ട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമാണ്. വിശാലമായ എയര്‍പോര്‍ട്ട് കാമ്പസുകളില്‍ വിപുലമായ സ്‌ക്രീനിംഗ് സാങ്കേതിക പരിഹാരങ്ങള്‍ വിന്യസിക്കാന്‍ ലക്ഷ്യമിടുന്നതണ് ഈ സാങ്കേതിക വിദ്യ.
പുതിയ സാങ്കേതികവിദ്യ വന്നതോടെ ഇനി യാത്രക്കാര്‍ക്ക് സ്‌കാനിംഗ് വേളയില്‍ അവരുടെ ബാഗുകളില്‍ നിന്ന് ദ്രാവകങ്ങളോ വലിയ ഇലക്ട്രോണിക് വസ്തുക്കളോ പുറത്തെടുക്കേണ്ടി വരില്ല. മാത്രമല്ല ആറ് യാത്രക്കാര്‍ക്ക് ഒരേ സമയം അവരുടെ സാധനങ്ങള്‍ ട്രേകളില്‍ വെക്കാനും സ്‌കാനിംഗിന് വിധേയമാക്കാനും കഴിയുന്നതിനാല്‍ വേഗത്തിലുള്ള യാത്രാ പ്രോസസ്സിംഗ് സാധ്യമാകും.
സ്‌ക്രീനിംഗിന് മുമ്പായി പാസഞ്ചറുടെ ബോര്‍ഡിംഗ് പാസ് സ്‌കാനറുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഓരോ യാത്രക്കാരുടെയും വസ്തുക്കള്‍ അവരുടെ ബോര്‍ഡിംഗ് കാര്‍ഡിലേക്ക് ഇലക്ട്രോണിക് ‘ടാഗ്’ ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
യാത്രക്കാരുടെ പാദരക്ഷകള്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലാതെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഷൂ സ്‌ക്രീനിംഗും ഇതിലൂടെ സാധ്യമമാകും. യാത്രക്കാരുടെ സുരക്ഷയെയും ഉപഭോക്തൃ സേവനത്തെയും കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്ന സാങ്കേതിക വിദ്യയാണിത്.
യാത്രക്കാരുടെ ഉപയോഗത്തിന് മുമ്പ് ഓരോ ട്രേയും അണുവിമുക്തമാക്കുന്നതിന് യുവി-സി മൊഡ്യൂളുകളും സ്‌കാനറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന ആദ്യത്തെ ആഗോള വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.
സ്മിത്ത്സ് ഡിറ്റക്ഷനുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി, സ്മിത്ത്സ് ഡിറ്റക്ഷന്റെ എച്ച്ഐ-സ്‌കാന്‍ 6040 സിടിഎക്സ് സ്ഥാപിച്ച മേഖലയിലെ ആദ്യത്തെ വിമാനത്താവളമാണ് എച്ച്ഐഎ, ഇത് കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) ഉപയോഗിച്ച് സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍ കാരി-ഓണ്‍ ബാഗേജുകളുടെ വിപുലമായ സ്‌ക്രീനിംഗ് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം, എച്ച്ഐഎ സി 2 സാങ്കേതികവിദ്യ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.