വൈറസ് നിര്‍മാര്‍ജനം ചെയ്യപ്പെടുന്നതുവരെ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങളും പരിശോധനയും തുടരും
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്ത് കോവിഡ് പൂര്‍ണമായും ഇല്ലാതാവുന്നതുവരെ വാക്സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങളും കോവിഡ് പരിശോധനയും തുടരുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ ദ ഇക്കണോമിക്സ് ഓഫ് ഇക്കോളജി ആന്റ് പബ്ലിക് ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡിനെ നിയന്ത്രണവിധേയമാക്കുന്ന രീതിയില്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാക്സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാനാവൂ .
വിവിധ ബിസിനസുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗമായി പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ ഊന്നിപ്പറഞ്ഞു.
വാക്സിന്‍ വൈറസിനെ പൂര്‍ണമായയും ഇല്ലാതാക്കുന്നില്ലെങ്കിലും കോവിഡ് വ്യാപനത്തെ തടയുന്നതിന് വലിയ തോതില്‍ സഹായയകമാണെന്നതിനാല്‍ താമസിയാതെ തന്നെ ഖത്തറിന് സാമൂഹിക പ്രതിരോധ ശേഷി ( ഹെര്‍ഡ് ഇമ്മ്യൂണിറ്റി) കൈവരിക്കാനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പോസ്റ്റ് ടെസ്റ്റിംഗും സാമൂഹിക പ്രതിരോധശേഷിയും എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് മന്ത്രാലയം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താമസിയാതെ മിക്ക രാജ്യങ്ങള്‍ക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതിനുശേഷം, ടെസ്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും വിവിധ രാജ്യങ്ങളില്‍ സമ്പദ്വ്യവസ്ഥയ്ക്ക് സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന ആദ്യ ഘട്ടത്തില്‍ തന്നെ ഖത്തറിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വാക്‌സിനുകള്‍ ലഭ്യമാക്കണമെന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫൈസര്‍, മോഡേണ കമ്പനികളുമായി ധാരണയിലെത്തിയത്. ലോകത്തെ ഏറ്റവും മികച്ച വാക്‌സിനുകളാണ് ഫൈസറും മോഡേണയും.
കോവിഡ് വൈറസ് ചില ലാബുകളില്‍ നിന്നും ലീക്കായതാണെന്ന സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സംബന്ധമായി നടന്ന ഇന്‍വെസ്റ്റിഗേഷന്‍ വൈറസ് ലാബില്‍ നിന്നും ലീക്കായതല്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്‍വെസ്റ്റിഗേഷന്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഖത്തര്‍ കാബിനറ്റിലെ ഏക വനിത പ്രതിനിധിയെന്നതില്‍ അഭിമാനമുണ്ടെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയും സ്ത്രീ ശാക്തീകരണത്തിന് വമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.