Breaking News

മെട്രാഷ് 2 ആപ്പില്‍ ഇ-വാലറ്റ് സേവനം ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മെട്രാഷ് 2 ആപ്ലിക്കേഷനില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇ-വാലറ്റ് സേവനം ആരംഭിച്ചു. ഇനി മുതല്‍ ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഐഡന്റിറ്റി കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ വാഹനങ്ങളുടെ പെര്‍മിറ്റോ കൊണ്ടു നടക്കേണ്ടി വരില്ല. ഏത് പരിശോധനക്കും കാണിക്കാവുന്ന നൂതനമായ ഇ വാലറ്റ് സംവിധാനമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്.

ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ദര്‍ശനത്തിന്റെ ഭാഗമാണ്. സാങ്കേതിക വിദ്യകളുടെ കുറ്റമറ്റ ഉപയോഗത്തിലൂടെ സൗകര്യവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഖത്തര്‍ ഇ ഗവണ്‍മെന്റ് ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് മന്ത്രാലയം ആലോചിക്കുന്നത്.


പൊതുജനങ്ങള്‍ക്ക് എളുപ്പത്തിലും ആക്‌സസ് ചെയ്യാവുന്നതുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയില്‍ ഖത്തര്‍ കൈവരിച്ച ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിനുമായി ഇ-സിസ്റ്റങ്ങളിലേക്ക് മാറാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയില്‍പെടുന്നതാണിത്.

ഖത്തറി ഐഡി കാര്‍ഡ്, റെസിഡന്‍സ് പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫാന്‍സി / സുപ്രധാന നമ്പറിന്റെ ഉടമസ്ഥാവകാശം എന്നിവ ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ഇ-വാലറ്റില്‍ സൂക്ഷിക്കാം. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ നേടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും സമീപിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഇ-വാലറ്റ് ഉപയോഗിക്കാം.

‘ഇ-വാലറ്റ് മെട്രാഷ് 2 ആപ്ലിക്കേഷനിലെ ഒരു പുതിയ വിന്‍ഡോയാണെന്നും ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപാടുകളിലെ ആദ്യ ഘട്ടത്തില്‍ വ്യക്തിഗത രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ആക്‌സസ് ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്നും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ ഹറാമി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ വിശിഷ്യാ മെട്രാഷ് ടു ഏറെ ജനകീയമാണ്. നിരവധി സേവനങ്ങളാണ് മെട്രാഷ് 2 നല്‍കുന്നത്. മന്ത്രാലയം നല്‍കുന്ന സേവനങ്ങളുടെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഇ-വാലറ്റ്, ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ പൗരന്മാരെയും താമസക്കാരെയും സഹായിക്കുന്നു.

സുരക്ഷ ഉദ്യോഗസ്ഥരോ ട്രാഫിക് പട്രോളിംഗോ ആവശ്യപ്പെടുകയാണെങ്കില്‍ അപ്ലിക്കേഷനില്‍ സംഭരിച്ചിരിക്കുന്ന ഐഡന്റിറ്റി രേഖകള്‍ കാണിച്ചാല്‍ മതിയാകുമെന്നതാണ് ഈ വാലറ്റ് സേവനങ്ങളുടെ ഏറ്റവും വലിയ പ്രയോജനം.

Related Articles

Back to top button
error: Content is protected !!