വകറ ആശുപത്രിയിലെ വനിതാ ക്ഷേമ ക്ലിനിക് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വകറ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്ന വകറ ആശുപത്രിയിലെ വനിതാ ക്ഷേമ ക്ലിനിക് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ക്ളിനിക് സ്ത്രീകള്‍ക്കുള്ള പതിവ് കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ക്കായി പൂര്‍ണ്ണമായും തുറന്നിരിക്കുന്നു. ഗര്‍ഭാവസ്ഥ, ജനനം, ജനിച്ച് 12 മാസം എന്നിവയിലുടനീളം സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ സേവനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2020 ജൂലൈയില്‍ ക്ലിനിക് സ്ഥാപിതമായതുമുതല്‍ 2000ത്തിലധികം സ്ത്രീകള്‍ക്കാവശ്യമായ പരിചരണമാണ് ക്ളിനിക് നല്‍കിയത്.
അല്‍ വകറ ഹോസ്പിറ്റലിലെ ഈ സേവനം സ്ത്രീകളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് സമഗ്രമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. ഗര്‍ഭധാരണത്തോടനുബന്ധിച്ച് ജീവിതത്തിലെ മാറ്റങ്ങള്‍ സ്ത്രീകളെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇരയാക്കുമെന്നതിനാല്‍ മാതൃ മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്ന സ്ത്രീകളെയാണ് കേന്ദ്രം പ്രത്യേകം ശ്രദ്ധിക്കുന്നത്.
ഈ കേന്ദ്രത്തിലെ സേവനം ലഭിക്കുന്നതിന്, സ്ത്രീകള്‍ക്ക് അവരുടെ ഡോക്ടറില്‍ നിന്ന് ഒരു റഫറല്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ 16000 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സ്ത്രീകളുടെ മാനസികാരോഗ്യ, ക്ഷേമ സേവനവുമായി ബന്ധപ്പെടാം.
സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും ടീം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന കോവിഡ് അവസ്ഥയില്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും യുവ അമ്മമാര്‍ക്കും ഇടയില്‍ ഇടത്തരം മുതല്‍ ഉയര്‍ന്ന ഉത്കണ്ഠയുള്ള കേസുകള്‍ ഉണ്ട്. പ്രസവ സ്ഥലവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ആരോഗ്യസംരക്ഷണ ടീമുകളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുകള്‍ എന്നിവയിലെ മാറ്റങ്ങളും അമ്മയുടെ ആശങ്കകളാണ്. പ്രവാസികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ ദുര്‍ബലമായ സമയത്ത് കുടുംബത്തിന്റെ സഹായമില്ലാതെ പ്രസവസമയത്തും ശേഷവും തനിച്ചായിരിക്കുമെന്ന ഭയം ഉള്‍പ്പെടുമെന്ന് എച്ച്എംസിയിലെ വെര്‍ച്വല്‍ വിമന്‍സ് ആന്റ് പെരിനാറ്റല്‍ സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ഡോ. സസ്ഗര്‍ അബ്ദുല്ല ഹമദ് പറഞ്ഞു. ഇവര്‍ക്കൊക്കെ ശാസ്ത്രീയമായ കൗണ്‍സിലിംഗാണ് സെന്റര്‍ നല്‍കുന്നത്.